
കോഴിക്കോട്: വധശിക്ഷ നീട്ടിവെക്കലിലൂടെ കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി കൂടുതൽ ചർച്ചകൾക്ക് സമയം നീട്ടിക്കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് കാന്തപുരം വിഭാഗം നേതാവ് ഖലീൽ ബുഖാരി തങ്ങൾ. തെറ്റുകൾക്ക് മാപ്പ് കൊടുക്കുക എന്നതാണല്ലോ ഇസ്ലാമിൻ്റെ പാരമ്പര്യം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം മുസ്ലിയാരുടെ ഇടപെടൽ നിർണായകമായെന്നും ഖലീൽ ബുഖാരി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
"ഇനിയുള്ള ഓരോ നിമിഷവും കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരും ഈ പ്രസ്ഥാനവും സഹോദരി നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കും. സലാൽ അബ്ദുൾ മഹ്ദിയെന്ന കൊല്ലപ്പെട്ടയാളുടെ കുടുംബം ദിയാ ധനം സ്വീകരിക്കാൻ തീരുമാനിച്ചാൽ നിമിഷപ്രിയയുടെ മോചനം സാധ്യമാകും. തെറ്റുകൾക്ക് മാപ്പ് കൊടുക്കുക എന്നതാണല്ലോ ഇസ്ലാമിൻ്റെ പാരമ്പര്യം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം മുസ്ലിയാരുടെ ഇടപെടൽ നിർണായകമായി," ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു.
"നിമിഷപ്രിയയുടെ മോചനത്തിനായി നിര്‍ണായക ഇടപെടല്‍ നടത്തിയ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മുസ്ലീം പണ്ഡിതരില്‍ ഒരാളാണ്. അവിടുത്ത ഭരണകൂടവുമായും ജഡ്ജിമാരുമായും അദ്ദേഹത്തിന് പരിചയമുണ്ട്. സൂഫി പാരമ്പര്യത്തിന് കീഴിലുള്ളവർക്ക് ലോകമെമ്പാടും പാശ്ചാത്യ രാജ്യങ്ങളിലും വലിയ മതിപ്പാണുള്ളത്. അവർക്ക് ഭീകരവാദവുമായോ അക്രമസംഭവങ്ങളുമായോ ഒന്നും ബന്ധമില്ലാത്തവരാണ്," ബുഖാരി തങ്ങൾ പറഞ്ഞു.