കാസർഗോഡ്: സംസ്ഥാനത്ത് മലയാളം ഒഴികെയുള്ള ഭാഷാ അധ്യാപകരുടെ എണ്ണത്തിൽ വലിയ കുറവ്. പ്രതിവർഷം 400ലേറെ അധ്യാപകർ വിരമിക്കുമ്പോൾ പുതുതായി നിയമനം നടത്തുന്നത് നൂറിൽ താഴെ ഒഴിവുകളിൽ മാത്രമാണ്. സംസ്കൃതം, അറബിക്, ഉറുദു ഭാഷകളിൽ മാത്രമായി 3000ത്തിലേറെ ഒഴിവുകളാണ് സംസ്ഥാനത്തെ വിവിധ സ്കൂളുകളിലുള്ളത്.
സംസ്ഥാനത്തെ മിക്ക സ്കൂളുകളിലും മലയാളം രണ്ടാം ഭാഷയാണ്. ഒന്നാം ഭാഷയായി അറബി, ഉറുദു, സംസ്കൃതം എന്നിവയ്ക്ക് പുറമേ കന്നട തെലുങ്ക് തമിഴ് ഉൾപ്പെടെയുള്ളവയും വിദ്യാർഥികൾ തിരഞ്ഞെടുക്കാറുണ്ട്. മലയാള ഭാഷ പഠിപ്പിക്കാൻ ആവശ്യത്തിന് അധ്യാപകർ ഉണ്ടെങ്കിലും മറ്റു ഭാഷകളുടെ അവസ്ഥ ഇതല്ല. ആയിരക്കണക്കിന് ഒഴിവുകളാണ് ഓരോ ഭാഷയിലും സംസ്ഥാനത്തുള്ളത്. നിലവിലെ അധ്യയന വർഷത്തെ കണക്കനുസരിച്ച് സംസ്കൃതം പഠിപ്പിക്കുന്ന 2831 സ്കൂളുകളും, അറബി പഠിപ്പിക്കുന്ന 5579 സ്കൂളുകളും, ഉറുദു പഠിപ്പിക്കുന്ന 1416 സ്കൂളുകളുമാണ് സംസ്ഥാനത്തുള്ളത്.
ഇതിലേറെയും എയ്ഡഡ് മേഖലയിലാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 2,66,683 വിദ്യാർഥികളാണ് സംസ്ഥാനത്ത് സംസ്കൃതം പ്രധാന ഭാഷയായി പഠിക്കുന്നത്. ഒരു ലക്ഷത്തി ഏഴായിരത്തി അറുനൂറ്റി തൊണ്ണൂറ്റി ഒന്ന് പേർ ഉറുദുവും, ആറ് ലക്ഷത്തി പതിനാലായിരത്തി 164 വിദ്യാർത്ഥികൾ അറബിയും മുഖ്യവിഷയമായി തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാൽ ഇവരെ പഠിപ്പിക്കാൻ ആവശ്യമായ അധ്യാപകർ നിലവിലില്ല. പ്രതിവർഷം ഓരോ ഭാഷയിലും 300 മുതൽ 500 അധ്യാപകരാണ് റിട്ടയർ ചെയ്യുകയോ പ്രമോഷൻ ലഭിച്ച് മറ്റ് സ്ഥാനങ്ങളിലേക്ക് പോവുകയോ ചെയ്യുന്നത്. എന്നാൽ ഇതിന് ആനുപാതികമായി അധ്യാപകർ പുതുതായി എത്തുന്നില്ല.
2019 മുതൽ അധ്യാപക തസ്തികളിലേക്ക് കൃത്യമായി സ്ഥിര നിയമനങ്ങൾ നടക്കുന്നില്ല. നിലവിലെ കണക്കനുസരിച്ച് 9 ലക്ഷത്തിലേറെ വിദ്യാർഥികളെ പഠിപ്പിക്കാൻ 7269 അധ്യാപകർ മാത്രമാണുള്ളത്. അറബി അധ്യാപന രംഗത്തേക്ക് യോഗ്യതയുള്ള ആളുകൾ എത്താത്തതും തിരിച്ചടിയാണ്. അറബി അധ്യാപന കോഴ്സുകളിലെ സീറ്റുകൾ കുറഞ്ഞതാണ് യോഗ്യരായ അധ്യാപകർ എത്താതിരിക്കാൻ കാരണം. വിദ്യാഭ്യാസരംഗത്ത് സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുന്ന സാഹചര്യത്തിൽ അധ്യാപകരില്ലാതെ ഭാഷ പഠിക്കേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ.