

പശ്ചിമഘട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെ കടുത്ത ഭാഷയില്‍ വിമർശിച്ച് സീറോ മലബാർ സഭ. മനുഷ്യ കേന്ദ്രീൃത വികസനം മാത്രമേ നടപ്പാക്കാൻ അനുവദിക്കുവെന്നും പശ്ചിമഘട്ടത്തിലെ ജനങ്ങളുടെ കൃഷിയും പാർപ്പിടങ്ങളും സംരക്ഷിക്കുമെന്നും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പിന്റെ പ്രഖ്യാപനം. ഉമ്മൻ കമ്മീഷൻ റിപ്പോർട്ട് പിൻവലിച്ച് പുതിയ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സഭ നിരന്തരമായി ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിനിടെയാണ് രൂക്ഷ വിമർശനം.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംവേദക മേഖലകളെ സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ ഏഴാമത് വിജ്ഞാപനത്തിനുള്ള പരാതികളും അഭിപ്രായങ്ങളും സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 25ന് അവസാനിക്കുകയാണ്. 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം നിലവിൽ ഇഎസ്‌എ ആയാണ് കരട് വിജ്ഞാപനം വന്നിട്ടുള്ളത്. ഇതോടെ ആ വില്ലേജിലെ ജനവാസ മേഖലകൾ ബഫർസോണുകളായി പരിഗണിക്കേണ്ടി വരും. കൃഷിഭൂമിയും വൻകിട തോട്ടങ്ങളും ടൗൺഷിപ്പുകളും എല്ലാം വിജ്ഞാപനം നിലനിൽക്കുന്ന ഭൂമിയുടെ പരിധിയിൽ ഉണ്ട്.
ഗാഡ്‌ഗിൽ - കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ടുകൾക്കു പിന്നാലെ സംസ്ഥാനത്തുണ്ടായ വലിയ സമരങ്ങളെ തുടർന്ന് സംസ്ഥാന സർക്കാർ തന്നെ നിയോഗിച്ച ഉമ്മൻ കമ്മീഷൻ റിപ്പോർട്ടിൽ കടന്നുകൂടിയ പിഴവാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് സീറോ മലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
2014 മാർച്ച് മാസം പത്താം തീയതി മുതൽ ഇഎസ്എയുമായി ബന്ധപ്പെട്ട ഏഴ് കരടു വിജ്ഞാപനങ്ങളാണ് കേന്ദ്രം പുറപ്പെടുവിച്ചിട്ടുള്ളത്. 131 വില്ലേജുകളുടെ ആകെ വിസ്തീർണം 129000 ച.മി. ആണ്. ഇതിൽ മൂവായിരം ചതുരശ്ര കിലോമീറ്ററിൽ താഴെ മാത്രമേ റവന്യൂഭൂമി വരൂ എന്നാണ് ഉമ്മൻ വി ഉമ്മൻ കമ്മീഷൻ റിപ്പോർട്ട്. ഈ കരട് വിജ്ഞാപനം അന്തിമ വിജ്ഞാപനമായി മാറിയാൽ നിലവിലെ ജനവാസ മേഖലകളും കൃഷിഭൂമികളും വനഭൂമിയായി മാറുമെന്നും സീറോ മലബാർ സഭ പറയുന്നു. അതിനാൽ അടിയന്തരമായി ഉമ്മൻ വി ഉമ്മൻ കമ്മീഷൻ റിപ്പോർട്ട് പിൻവലിക്കണമെന്ന് മേജർ ആർച്ച് ബിഷപ്പ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ഉമ്മൻ വി ഉമ്മൻ കമ്മീഷൻ റിപ്പോർട്ടിനു പകരം വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള വനമേഖലയും, സംരക്ഷണ മേഖലകളും മാത്രം ഉൾപ്പെടുത്തി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും, ജനപ്രതിനിധികളെയും, കർഷക സംഘടനകളെയും, ജനങ്ങളെയും വിശ്വാസത്തിൽ എടുത്ത് ഇഎസ്എയുടെ മാപ്പും കൃത്യമായി വിസ്തീർണവും ഉൾപ്പെടെ തയ്യാറാക്കി റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കണം എന്നാണ് സീറോ മലബാർ സഭയുടെ 'അന്ത്യശാസനം'.