തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ റിമാൻഡ് തടവുകാരൻ്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. രേഷ് ബാബുവിൻ്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജയിൽ വകുപ്പ് മേധാവിയും സിറ്റി പൊലീസ് കമ്മീഷണറും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സാധാരണ ജയിലിലേക്ക് അയച്ചതിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് ആരോപണം ഉയർന്നതോടെയാണ് കമ്മീഷൻ ഇടപെടൽ.
വിയ്യൂർ സബ് ജയിലിൽ കുഴഞ്ഞു വീണ റിമാൻഡ് പ്രതി കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂർ ചിറ്റിശ്ശേരി സ്വദേശിയാണ് രേഷ് ബാബു. കഴിഞ്ഞ മാസം 26നാണ് രേഷ് ബാബു ജയിലിൽ കുഴഞ്ഞു വീണത്. തൃശൂർ ടൗണിൽ നടന്ന പിടിച്ചുപറി കേസിൽ പ്രതിയായതിന് പിന്നാലെയാണ് സുരേഷ് ബാബു റിമാൻഡിലാകുന്നത്.
രേഷിന് ജയിലിൽ മർദനമേറ്റിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് രേഷ് ബാബു. രേഷ് ബാബുവിനെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ ബന്ധുക്കൾ ചെന്നപ്പോൾ ഇയാൾക്ക് മർദനമേറ്റതായി സംശയം തോന്നിയിരുന്നു. മുഖത്തും ചുണ്ടിൻ്റെ ഭാഗത്തുമെല്ലാം നീര് വന്ന നിലയിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. ജയിലധികൃതരോട് ചോദിച്ചപ്പോൾ ആദ്യം ഇദ്ദേഹം ജയിലിൽ ബാത്തൂറൂമിൽ പോകുന്ന വഴിയിൽ സാമ്പ്രാണി പോലൊരു വസ്തു എടുത്ത് കടിച്ചുവെന്നും തുടർന്ന് ചുണ്ടിൻ്റെ ഭാഗത്ത് നിന്ന് രക്തം വന്നതായും രക്തം ഛർദിച്ചതായും വിശദീകരണം നൽകിയതായും ബന്ധുക്കൾ പറഞ്ഞിരുന്നു. രേഷ് ബാബുവിൻ്റെ മരണത്തിൽ സിപിഐഎമ്മിന് വീഴ്ച പറ്റിയെന്ന് സിപിഐഎമ്മും ആരോപിച്ചിരുന്നു. കേസിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഐഎം ആവശ്യപ്പെട്ടിരുന്നു.