തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷൻ മർദനത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.. മർദനത്തിൻ്റെ വിവരങ്ങൾ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് ത്യശൂർ ജില്ലാ സിറ്റി പോലീസ് മേധാവിക്ക് നിർദേശം നൽകി. ദ്യശ്യ മാധ്യമങ്ങളിലെ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ത്യശൂർ ജില്ലാ സിറ്റി പോലീസ് മേധാവിക്കാണ് നിർദ്ദേശം നൽകിയത്.
യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന് മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. പൊലീസിനെയും , ആഭ്യന്തര വകുപ്പിനേയും വിമർശിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വി. ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശങ്ങളാണ് ഉയർന്നത്.
സിപിഐഎം ക്രിമിനലുകള്‍ക്ക് മുന്നില്‍ മുട്ട് വിറയ്ക്കുന്ന പോലീസുകാരാണ് അനീതി ചോദ്യം ചെയ്ത പൊതുപ്രവര്‍ത്തകന്റെ ദേഹത്ത് മൂന്നാംമുറ പ്രയോഗിച്ചത്. ഇതാണോ പിണറായി സര്‍ക്കാരിന്റെ ജനമൈത്രി പോലീസ് നയം?എന്നായിരുന്നു എംപി കെ.സി. വേണുഗോപാലിന്റെ പ്രതികരണം. പൊലീസ് സേനയിലെ ക്രിമിനലുകളുടെ നിയന്ത്രിക്കാന്‍ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കുന്നംകുളം സ്റ്റേഷനിൽ വെച്ച് 2023 ഏപ്രിലിലാണ് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ എസ്ഐ നുഹ്മാൻ്റെ നേതൃത്വത്തിൽ മർദിച്ചത്. സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് കാക്കി ക്രൂരതയ്ക്ക് കാരണം. രണ്ട് വർഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് പൊലീസ് ക്രൂരതയുടെ സിസിടിവികൾ പുറത്ത് എത്തിക്കാൻ സുജിത്തിന് കഴിഞ്ഞത്.
പൊലീസുകാർ പലവട്ടം മുങ്ങിയിട്ടും വിവരാവകാശ കമ്മീഷൻ കർശന നിലപാട് എടുത്തതോടെയാണ് ദൃശ്യം പുറത്ത് വന്നത്. പൊലീസുകാർക്ക് എതിരെ കേസ് എടുത്ത് അന്വേഷിക്കാൻ കുന്നംകുളം മജിസ്ട്രേറ്റ് കോടതിയും ഉത്തരവിട്ടിട്ടുണ്ട്.