
തൃശൂർ: ഇരിഞ്ഞാലക്കുട വെള്ളാംങ്ങല്ലൂർ കാരുമാത്ര നെടുങ്കോണത്ത് ഗർഭിണി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. കരുമാത്ര സ്വദേശി നൗഫലും മാതാവ് റംലത്തുമാണ് അറസ്റ്റിലായത്. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കും എതിരെ കേസെടുത്തിരിക്കുന്നത്. ഇരിങ്ങാലക്കുട പൊലീസ് ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.
വെള്ളാംങ്ങല്ലൂർ കാരുമാത്രയിൽ ഫസീലയെയാണ് (23) മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിൽ ഭർതൃവീട്ടിലെ പീഡനമാണെന്നാണ് ആരോപണം. ഫസീലയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മരിക്കുന്നതിന് മുമ്പ് ഫസീല ഉമ്മയ്ക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ ജീവനൊടുക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടുണ്ട്. താൻ രണ്ടാമതും ഗർഭിണിയാണെന്നും ഭർത്താവ് നൗഫൽ വയറ്റിൽ ചവിട്ടിയെന്നും കയ്യൊടിച്ചുവെന്നും വ്യക്തമാക്കുന്നുണ്ട്. ഇതിന് പുറമെ താൻ ഭർത്താവിൻ്റെ കഴുത്തിന് പിടിച്ചെന്ന തെറ്റായ ആരോപണം ഉയർത്തിയെന്നും ഭർതൃമാതാവ് അസഭ്യം വിളിച്ചെന്നും പരാതി പറയുന്നുണ്ട്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)