

എറണാകുളം: വിവാദങ്ങൾക്കിടെ കുംഭമേള വൈറൽ പെൺകുട്ടി കോടതിയിൽ ഹാജരായി. എറണാകുളം ജില്ലാ കോടതിയിലാണ് പെൺകുട്ടി നേരിട്ടെത്തിയത്. തനിക്ക് 18 വയസ് തികഞ്ഞെന്നും പൊലീസ് സുരക്ഷ വേണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. 18 വയസായെന്ന് വ്യക്തമാക്കുന്ന രേഖകളുമായാണ് പെൺകുട്ടി ഹാജരായത്. തന്നെ തിരഞ്ഞെത്തിയ മധ്യപ്രദേശ് പൊലീസിനെതിരെ പരാതിയുണ്ട്. ഇക്കാര്യങ്ങൾ ഉന്നയിച്ച് മൊഴി നൽകുമെന്നും പെൺകുട്ടി വ്യക്തമാക്കി. ഇന്ന് ഡിഐജി എസ്‌സി, എസ്ടി കമ്മീഷന് മുന്നിൽ ഹാജരായി പെൺകുട്ടിയുടെ പ്രായം പരിശോധിക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന കാര്യങ്ങളടക്കം വ്യക്തമാക്കിയത്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് പെൺകുട്ടി നേരിട്ടെത്തി മൊഴി നൽകിയിരിക്കുന്നത്.
അതേസമയം, വിവാഹ വിവാദത്തിൽ പങ്കാളി ഫർമാനെതിരെ കേസെടുക്കാൻ മധ്യപ്രദേശ് പൊലീസിന് നിർദേശം. പോക്സോ വകുപ്പും പട്ടികവർഗ അതിക്രമ നിരോധന വകുപ്പും പ്രകാരം കേസെടുക്കാൻ പട്ടികവർഗ കമ്മീഷനാണ് നിർദേശം നൽകിയത്. അറസ്റ്റ് എന്തുകൊണ്ട് നടത്തിയില്ലെന്ന് കമ്മീഷൻ അധ്യക്ഷൻ ചോദിച്ചു.
മകളെ എത്രയും വേഗം തിരിച്ചെത്തിക്കണം എന്ന് പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. മകളെക്കൊണ്ട് നിർബന്ധിച്ച് മൊഴി നൽകിക്കുന്നതാണ് എന്ന് പെൺകുട്ടിയുടെ പിതാവും ആരോപിച്ചു. സിനിമയിൽ അഭിനയിപ്പിക്കാൻ എന്ന് തന്നെയും ഫർമാൻ തെറ്റിദ്ധരിപ്പിച്ചുവെന്നും പിതാവ് പറഞ്ഞു.