ഇടുക്കി പവർഹൗസ് ഷട്ട്ഡൗൺ തുടങ്ങി; വൈദ്യുതി, ജലവിതരണം ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങൾ

മലങ്കര അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ട് ജലവിതരണം ഉറപ്പാക്കും
ഇടുക്കി പവർഹൗസ് ഷട്ട്ഡൗൺ തുടങ്ങി; വൈദ്യുതി, ജലവിതരണം ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങൾ
Source: News Malayalam 24x7
Published on

ഇടുക്കി: അറ്റകുറ്റപ്പണികൾക്കായി പവർഹൗസ് ഷട്ട്ഡൗൺ ആരംഭിച്ചു. രണ്ടു ദിവസത്തിനകം വാൽവ് അഴിച്ചുമാറ്റുന്ന പ്രവൃത്തി തുടങ്ങും. 30 ദിവസത്തേക്കാണ് പവർഹൗസ് അടച്ചിടൽ. ജലവിതരണ പ്രശ്നം പരിഹരിക്കാൻ കമ്മിറ്റിയെ നിയോഗിച്ചു. മലങ്കര അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ട് ജലവിതരണം ഉറപ്പാക്കും.

യൂണിറ്റ് അഞ്ച്, ആറ് എന്നിവയിലെ അപ്‌സ്ട്രീം സീലുകൾക്ക് നിലവിൽ തകരാറുള്ളതിനാലും, വാൽവ് ബോഡിയിൽ കൂടി വെള്ളം ചോർച്ച സംഭവിക്കുന്നതിനാലുമാണ് അറ്റകുറ്റപ്പണി അടിയന്തിരമായി നടത്തുന്നത്. ചോർച്ച പരിഹരിക്കാതിരുന്നാൽ, ഉയർന്ന മർദത്തിലുള്ള ജലം (66 kg/cm) ഭൂഗർഭ പവർഹൗസിലേക്ക് അതിശക്തിയായി ഒഴുകി വെള്ളപ്പൊക്കം സൃഷ്ടിക്കാനും, ജീവനക്കാർക്കും ഉപകരണങ്ങൾക്കും ഗുരുതരമായ അപകടസാധ്യത ഉണ്ടാക്കാനും സാധ്യതയുണ്ട്. അതീവ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് 30 ദിവസത്തേക്ക് ഷട്ട്ഡൗൺ ചെയ്യാൻ തീരുമാനിച്ചത്.

ഷട്ട്ഡൗൺ സമയത്ത് സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി, കെഎസ്ഇബിഎൽ 1,096 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറുകളിൽ ഏർപ്പെടുകയും അന്തർ സംസ്ഥാന കോറിഡോർ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

ഇടുക്കി പവർഹൗസ് ഷട്ട്ഡൗൺ തുടങ്ങി; വൈദ്യുതി, ജലവിതരണം ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങൾ
വൈദ്യുതി കണക്ഷന് കൈക്കൂലി; കെഎസ്ഇബി ഉദ്യോഗസ്ഥൻ വിജിലൻസിൻ്റെ പിടിയിൽ

പവർഹൗസ് ഷട്ട്ഡൗൺ മൂലം ഉണ്ടാകാൻ സാധ്യതയുള്ള ജലവിതരണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഈ മാസം അഞ്ചിന് വൈദ്യുതി വകുപ്പ് മന്ത്രി, ജലസേചന വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുകയും, ഈ മാസം ആറിന് ഷട്ട്ഡൗൺ അംഗീകരിച്ചുകൊണ്ടും, ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനും ഒരു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ആയത് പ്രകാരം ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്റ്റര്‍, കെഎസ്ഇബിഎല്ലിൻ്റെ നേതൃത്വത്തില്‍ സംസ്ഥാനതല കമ്മിറ്റിയും, ഏറണാകുളം ജില്ലാ കളക്റ്ററുടെ നേതൃത്വത്തില്‍ ഒരു ഫീല്‍ഡ് ലെവല്‍ കമ്മിറ്റിയും രൂപീകരിക്കപ്പെട്ടു.

ജലവിഭവവകുപ്പിന്റെ നിയന്ത്രണത്തിലുള്ള മലങ്കര അണക്കെട്ടിൽ നിന്നും നിയന്ത്രിത അളവിൽ വെള്ളം തുറന്നുവിട്ട് ആദ്യത്തെ ഒൻപത് ദിവസം ജലവിതരണം ഉറപ്പാക്കാൻ കഴിയും. ഈ കാലയളവിൽ, വാട്ടർ അതോറിറ്റിയും ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റും ചർച്ച ചെയ്ത് തീരുമാനിച്ച പ്രകാരം തൊടുപുഴ ടൗൺ / മൂപ്പിൽകടവ്, തെക്കുമല, ആരക്കുഴമൂഴി എന്നീ പമ്പിങ് സ്റ്റേഷനുകളിൽ ആവശ്യമെങ്കിൽ മണൽ ചാക്കുകൾ ഉപയോഗിച്ച് താത്കാലിക തടയണകൾ നിർമിച്ച് വെള്ളം പമ്പ് ചെയ്ത് കുടിവെള്ള ലഭ്യത ഉറപ്പ് വരുത്താനാകും.

ഉദ്യോഗസ്ഥതല ചർച്ചകളിൽ തീരുമാനിച്ച പ്രകാരം സാധ്യമായ സ്ഥലങ്ങളിൽ ഭൂതത്താൻകെട്ടിൽ നിന്നും കനാലുകൾ വഴി വെള്ളം ഒഴുക്കി എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാനും ധാരണയായിട്ടുണ്ട്. പെരിയാർവാലി ഇറിഗേഷൻ പ്രോജക്റ്റിനു കീഴിലുള്ള ചേലാട്, മുളവൂർ ബ്രാഞ്ച് എന്നി കനാലുകൾ തുറന്ന് കൊടുക്കാനും തീരുമാനിച്ചു. വാളകം, മഴുവന്നൂർ എന്നീ കനാലുകളിൽ നടന്നുവരുന്ന അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് അവയും തുറന്ന് കൊടുക്കാൻ തീരുമാനമായിട്ടുണ്ട്.

കൂടാതെ, ഉയർന്ന പ്രദേശങ്ങളിലേക്ക് ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാനും തീരുമാനിച്ചു. നവംബർ 20 വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ സൂചനകൾ നൽകുന്നുണ്ട്.

ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും, ജല വിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും, ജില്ലാതല ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റികളുമായി ചേർന്ന് സംയുക്ത നിർദേശങ്ങൾ നൽകി പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന അസൗകര്യം കുറയ്ക്കുന്നതിന് ഏകോപനം ഉറപ്പാക്കും. കെഎസ്ഇബിഎൽ നിശ്ചിത സമയപരിധിക്ക് മുമ്പ് തന്നെ പ്രവൃത്തി പൂർത്തീകരിക്കാൻ പരമാവധി ശ്രമിക്കുന്നതാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com