
കേരളത്തെ പിടിച്ചു കുലുക്കിയ കേസാണ് ജയ്‌നമ്മ തിരോധാന കേസ്. പ്രതി സെബാസ്റ്റ്യന്റെ വീടിന്റെ ഹാളിലെ തറിയില്‍ കണ്ടെത്തിയ രക്തക്കറ ജയ്‌നമ്മയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക് കടന്നിരിക്കുകയാണ്. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് രക്തക്കറ ജയ്‌നമ്മയുടേത് തന്നെയാണെന്ന് വ്യക്തമായത്. സെബാസ്റ്റ്യന്‍ പണയം വെക്കുകയും വില്‍ക്കുകയും ചെയ്ത സ്വര്‍ണാഭരണങ്ങളും ജയ്‌നമ്മയുടേതാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
നേരത്തെ സെബാസ്റ്റ്യന്റെ വീടിനോട് ചേര്‍ന്ന് നടത്തിയ പരിശോധനകളില്‍ ചെറു അസ്ഥിക്കഷ്ണങ്ങളും മൃതശരീരാവശിഷ്ടങ്ങളും വീടിന്റെ പിന്‍ഭാഗത്ത് നിന്ന് രക്തക്കറയും കണ്ടെത്തുകയായിരുന്നു. ജയ്‌നമ്മയുടേതടക്കം മൂന്നോളം തിരോധാനക്കേസുകളില്‍ പൊലീസ് സെബാസ്റ്റ്യനെ സംശയിക്കുന്നുണ്ട്. ജയ്‌നമ്മ, ബിന്ദു പത്മനാഭന്‍, ഐഷ എന്നിവരുടെ തിരോധാനങ്ങള്‍ക്ക് പിന്നിലാണ് സെബാസ്റ്റ്യനെ പൊലീസ് സംശയിക്കുന്നത്. ഇവരെല്ലാം കൊല്ലപ്പെട്ടിരിക്കാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അസ്ഥിക്കഷ്ണങ്ങളുടെയും മൃതശരീരാവശിഷ്ടങ്ങളുടെയും ഫോറന്‍സിക് ഫലം ലഭിക്കുന്നതോടെ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
സെബാസ്റ്റ്യന്റെ ഭാര്യവീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഇയാളുടെ കാറില്‍ നിന്ന് കത്തി, ചുറ്റിക, ഡീസല്‍ മണക്കുന്ന കന്നാസ് എന്നിവ കണ്ടെത്തിയിരുന്നു. നിലവില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ജയ്‌നമ്മയുടെ തിരോധാനത്തില്‍ സെബാസ്റ്റിയന് പങ്കുള്ളതായി അന്വേഷണ സംഘത്തിന് വ്യക്തത വന്നിട്ടുണ്ട്.
ബിന്ദു പത്മനാഭന്‍ തിരോധാനം
2006ലാണ് ബിന്ദു പത്മനാഭന്‍ എന്ന യുവതിയെ കാണാതാവുന്നത്. ബിന്ദു പത്മനാഭന്റെ വസ്തു മറിച്ചു വില്‍ക്കല്‍ കേസിലാണ് സെബാസ്റ്റ്യന്‍ ആദ്യം പിടിയിലാവുന്നത്. തുടര്‍ന്ന് ബിന്ദുവിനെ കാണാനില്ലെന്ന കേസിലും അന്വേഷണം സെബാസ്റ്റ്യനിലേക്ക് നീണ്ടു. ഇതോടെ കേസില്‍ സെബാസ്റ്റ്യന്‍ ഒന്നാം പ്രതിയായി. എന്നാല്‍ അന്വേഷണം എങ്ങുമെത്തിയില്ല. പിന്നാലെ ജയ്‌നമ്മ തിരോധാന കേസില്‍ സെബാസ്റ്റിയന്റെ പങ്ക് തെളിഞ്ഞതോടെയാണ് ബിന്ദു പത്മനാഭന്റെ തിരോധാനത്തില്‍ വീണ്ടും സെബാസ്റ്റിയനിലേക്ക് പൊലീസ് അന്വേഷണമെത്തുന്നത്.
ജയ്‌നമ്മ തിരോധാനം
2024 ഡിസംബര്‍ 23നാണ് ഏറ്റുമാനൂര്‍ സ്വദേശിയായ ജയ്‌നമ്മയെ കാണാതായത്. കോട്ടമുറി കാക്കനാട്ട്കാലയിലെ വീട്ടില്‍ ഭര്‍ത്താവ് അപ്പച്ചനൊപ്പമായിരുന്നു ജയ്‌നമ്മയുടെ താമസം. സ്ഥിരമായി ധ്യാന കേന്ദ്രങ്ങളില്‍ പോകുന്നത്തിനാല്‍ കാണാതായി നാല് ദിവസം കഴിഞ്ഞാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജയ്‌നമ്മ ചേര്‍ത്തല പള്ളിപ്പുറം ഭാഗത്ത് എത്തിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍, പിന്നീട് അന്വേഷണം എങ്ങുമെത്തിയില്ല. ജയ്‌നമ്മ തിരോധാനക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്ന് അസ്ഥി കഷണങ്ങളും മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയത്. എന്നാല്‍ മൃതദേഹാവശിഷ്ടങ്ങള്‍ ജയ്‌നമ്മയുടേതല്ലെന്നും കാണാതായ ഐഷയുടേതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ഐഷ തിരോധാനം
2012ലാണ് ചേര്‍ത്തല സ്വദേശിയായ ഐഷയെ കാണാതായത്. ഐഷയും സെബാസ്റ്റ്യനും സുഹൃത്തുക്കളായിരുന്നുവെന്ന് ഐഷയുടെ അയല്‍വാസി റോസമ്മ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. തന്റെ വസ്തു ഇടപാടില്‍ ബന്ധപ്പെട്ടത് ഐഷയും സെബാസ്റ്റ്യനും ഒരുമിച്ചാണ്. കാണാതായതിനുശേഷം ഐഷയുടെ മൊബൈലില്‍ നിന്ന് പലതവണ കോള്‍ വന്നു. തിരിച്ചു വിളിക്കുമ്പോള്‍ കോള്‍ എടുക്കാറില്ലെന്നും അയല്‍വാസി വെളിപ്പെടുത്തിയിരുന്നു.
സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ നിലയിലുള്ള അസ്ഥികള്‍ക്കൊപ്പം കിട്ടിയ കൃത്രിമ പല്ലാണ് മൃതദേഹം ഐഷയുടേതാകാണെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. എന്നാല്‍ ഫോറന്‍സിക് ഫലം പുറത്തു വന്നാല്‍ മാത്രമേ ഇത് സ്ഥിരീകരിക്കാനാവുകയുള്ളു.
കാണാതായ ജയ്‌നമ്മയും ഐഷയും ബിന്ദു പത്മനാഭനും കൊല്ലപ്പെട്ടിരിക്കാമെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ സെബാസ്റ്റ്യന്റെ വീടിന്റെ പരിസരത്ത് നിന്ന് ലഭിച്ച കൃത്രിമ പല്ല്, അസ്ഥി കഷണങ്ങള്‍, മൃതശരീരാവശിഷ്ടങ്ങള്‍ എന്നിവ ആരുടേതാണ്? സെബാസ്റ്റ്യന് എത്രനാള്‍ പൊലീസിനെ വട്ടംകറക്കാനും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനും സാധിക്കും? ഇനിയും ആരെങ്കിലും സെബാസ്റ്റ്യന്റെ വലയില്‍ കുടുങ്ങിയിട്ടുണ്ടാകുമോ? എത്രനാള്‍ സെബാസ്റ്റിയന് മറുപടി പറയാതിരിക്കാന്‍ സാധിക്കും? ഇതിനെല്ലാമുള്ള ഉത്തരത്തിലേക്ക് നയിക്കാനുള്ള സുപ്രധാന തെളിവുകള്‍ ഇനി വരാനുള്ള ഫോറന്‍സിക് പരിശോധനാഫലത്തിലുണ്ടായിരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പൊലീസ്.