തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ലഹരിക്കേസുകളിൽ വർധന. ഈ വർഷം ആഗസ്റ്റ് വരെ മാത്രം എൻഡിപിഎസ് ആക്ട് പ്രകാരം 8,622 കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തത്. ഏറ്റവും കൂടുതൽ കേസുകൾ എറണാകുളത്തും കുറവ് കാസർകോഡുമാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 4,580 പേർ ശിക്ഷിക്കപ്പെട്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
2021ൽ എൻഡിപിഎസ് ആക്ട് പ്രകാരം സംസ്ഥാനത്ത് ആകെ 2,034 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അഞ്ച് വർഷം പിന്നിടുമ്പോൾ ഇത് 8,622 ആയി വർധിച്ചു. കേസുകളിൽ എറണാകുളത്തിന് തൊട്ടുപിന്നിൽ കോട്ടയവും ഇടുക്കിയുമാണ് ഉള്ളത്.
കഴിഞ്ഞ വർഷം ആകെ 8160 കേസുകൾ എക്സൈസ് രജിസ്റ്റർ ചെയ്തു. എറണാകുളത്ത് തന്നെയാണ് 2024 ലും ഏറ്റവും കൂടുതൽ ലഹരിയൊഴുകിയത്. 1,010 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈ വർഷം മാത്രം 1,105 കേസുകളിലായി 635 പേർ ശിക്ഷിക്കപ്പെട്ടു. സംസ്ഥാനത്താകെ, ലഹരിക്കേസുകളിൽ ഈ വർഷം മാത്രം ശിക്ഷിക്കപ്പെട്ടത് 4580 പേരാണ്. ഇതിൽ 262 പേരാണ് കുറ്റവിമുക്തരാക്കപ്പെട്ടത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു .