

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ എംബിബിഎസ് ഡോക്ടർമാരുടെ വേതനം മിനിമം 80000 രൂപയാക്കണമെന്ന് ആവശ്യവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ശമ്പള വർധനയും നിയമന ചട്ടത്തിൽ മാറ്റവും ആവശ്യപ്പെട്ട് ഐഎംഎ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഗുണമേയ്മയുള്ള ചികിത്സയ്ക്ക് കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
ഡോക്ടർമാരുടെ മിനിമം വേതനത്തെക്കുറിച്ച് നടത്തിയ സർവ്വേയിലെ വിവരങ്ങളാണ് ഐഎംഎ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. 82 ശതമാനം ഡോക്ടർമാർക്കും മാന്യമായ ശമ്പളം ലഭിക്കുന്നില്ല. കേരളത്തിൽ പ്രതിമാസം 30,000 രൂപയ്ക്ക് താഴെ ശമ്പളത്തിൽ ജോലി ചെയ്യുന്ന നിരവധി ഡോക്ടർമാറുണ്ട്. കുറഞ്ഞ ശമ്പളവും തൊഴിലില്ലായ്മയും കാരണം 70 ശതമാനം ഡോക്ടർമാരും കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ജോലി തേടാനാണ് ശ്രമിക്കാറ്. എന്നാൽ ഇവർക്ക് മറ്റ് രാജ്യങ്ങളിലും തൊഴിൽ സാധ്യത കുറവാണ്. നിലവിൽ ഒരു നിശ്ചിത വിഭാഗത്തിന് മാത്രമാണ് മാന്യമായ ശമ്പളം ലഭിക്കുന്നത്.
പഠിച്ചിറങ്ങുന്ന എംബിബിഎസ് ഡോക്ടർമാർ ജോലി ലഭിക്കാതെ നിൽക്കുമ്പോഴും 1968ലെ സ്റ്റാഫ് പാറ്റേണുകളിലൂടെയാണ് ഇപ്പോഴും നിയമനം നടത്തുന്നത്. ജൂനിയർ ഡോക്ടർമാരിൽ 81 ശതമാനം പേരും നിർബന്ധിത ബോണ്ട് സർവീസിലാണ് ജോലി ചെയ്യുന്നത്. സ്പെഷ്യലിസ്റ്റുകൾക്കും സൂപ്പർ സ്പെഷ്യലിസ്റ്റുകൾക്കും പോലും കേരളത്തിൽ ന്യായമായ ശമ്പളം ലഭിക്കുന്നില്ലെന്നും ശമ്പളവും സ്റ്റൈപൻഡും കൃത്യസമയത്ത് വിതരണം ചെയ്യുന്നില്ലെന്നും ഐ എം എ വ്യക്തമാക്കുന്നു.
അധിക ജോലിക്ക് കൂടുതൽ ശമ്പളം നൽകുക, കൃത്യസമയത്ത് വേതനം ലഭ്യമാക്കുക, തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് സംഘടനയുടെ ആവശ്യങ്ങൾ.ഇതിനോടകം തന്നെ ഐ എം എ സംസ്ഥാനത്തെ സ്വകാര്യ മാനേജുമെന്റുകളോടും ആരോഗ്യ മന്ത്രിയോടും പ്രശ്ന പരിഹാരത്തിനായി ചർച്ച നടത്തിയിട്ടുണ്ട്. ചർച്ചകളിൽ ഒതുങ്ങാതെ ഡോക്ടർമാർ അഭിമുഖീകരിക്കുന്ന പ്രശങ്ങൾക്ക് പരിഹാരം കാണണം.ഗുണമേന്മയുള്ള ചികിത്സ നൽകാൻ കഴിയാത്ത സാഹചര്യവും ഡോക്ടർമാരുടെ അഭാവവും ആശുപത്രികളിലെ ഉപകരണം ഇല്ലാത്തത് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ മാറും.