മുരളിയും സേതുമാധവനും തിരശീലയ്ക്ക് പിന്നിലേക്ക്, ഇനി സന്ദീപിൻ്റെ കാലം; ബിസിനസ് സംരംഭക രംഗത്തെ മാറ്റത്തിൽ വ്യവസായ വകുപ്പ് മന്ത്രി

മോഹൻലാൽ മുഖ്യ കഥാപാത്രമായി എത്തിയ സത്യൻ അന്തിക്കാടിൻ്റെ സിനിമകളെ ചൂണ്ടിക്കാട്ടിയാണ് മന്ത്രി കുറിപ്പ് പങ്കുവച്ചത്.
p rajeev
Published on

തിരുവനന്തപുരം: കേരളത്തിലെ ബിസിനസ് സംരംഭക രംഗത്ത് ഉണ്ടായ മാറ്റത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. മോഹൻലാൽ മുഖ്യ കഥാപാത്രമായി എത്തിയ സത്യൻ അന്തിക്കാടിൻ്റെ സിനിമകളെ ചൂണ്ടിക്കാട്ടിയാണ് മന്ത്രി കുറിപ്പ് പങ്കുവച്ചത്. മിഥുനത്തിലെ സേതുമാധവനെയും, വരവേൽപ്പിലെ മുരളിയേയും, ഹൃദയപൂർവ്വത്തിലെ സന്ദീപിനേയും പരാമർശിച്ച് കൊണ്ടാണ് മന്ത്രി പോസ്റ്റ് പങ്കുവച്ചത്.

p rajeev
തദ്ദേശത്തിളക്കം | ഇനി വയോജനങ്ങൾ ഒറ്റയ്‌ക്കാകില്ല; കോട്ടയത്തെ അയ്മനം പഞ്ചായത്തിൽ പകൽ വീട് ഒരുങ്ങി

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

1980കളുടെ അവസാനമാണ് ഏഴ് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മുരളി നാട്ടിൽ തിരിച്ചെത്തുന്നതും ഗൾഫ് മോട്ടോഴ്സ് തുടങ്ങുന്നതും. '93 ൽ സേതുമാധവൻ ദാക്ഷായണി ബിസ്കറ്റ് ഫാക്ടറി തുടങ്ങാനുള്ള പ്രയത്നമാരംഭിച്ചു. രണ്ടു പേർക്കും എളുപ്പമായിരുന്നില്ല കാര്യങ്ങൾ. വില്ലൻ റോളിൽ പലരുമുണ്ടായിരുന്നെങ്കിലും മുരളിയുടെ കാര്യത്തിൽ സംരംഭകത്വവുമായി ബന്ധപ്പെട്ട അടിസ്ഥാന തത്വങ്ങൾ തന്നെ പാലിക്കപ്പെടാതിരുന്നതിൻ്റെ പ്രശ്നമായിരുന്നു പരാജയത്തിന് പ്രധാന കാരണം എന്ന് മറ്റൊരു വായനയിൽ കാണാം.

തനിക്ക് തീരെ പരിചയമില്ലാത്ത ഒരു മേഖലയിലാണ് അതു വരെ സമ്പാദിച്ച പണം അയാൾ മുടക്കുന്നത്. ബസ് സർവ്വീസ് ബിസിനസിനെക്കുറിച്ച് മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള സംരംഭത്തെക്കുറിച്ചും മുരളിക്ക് അടിസ്ഥാന ധാരണയുണ്ടായിരുന്നില്ല. ഒരു ബിസിനസ് ആരംഭിക്കുന്നതിന് മുൻപ് ആ വിഷയത്തെക്കുറിച്ച് അവശ്യം വേണ്ട ഗൃഹപാഠം ചെയ്യാനോ പഠിക്കാനോ പരിചയം നേടാനോ തുനിയാതെ പലരുടേയും വാക്കുകൾ കേട്ടാണ് ബസ് വാങ്ങിയത് തന്നെ. ജീവനക്കാരെ നിയമിച്ചപ്പോഴും സംരംഭകത്വ പാഠങ്ങൾ പാലിച്ചില്ല. യോഗ്യതയും തൊഴിൽ മികവുമൊന്നും നോക്കാതെ ശുപാർശകൾ മാത്രം പരിഗണിച്ചു. ഗൾഫ് മോട്ടോഴ്സിൻ്റെ പരാജയത്തിൽ ഇത്തരം ഘടകങ്ങളും പങ്കു വഹിച്ചിട്ടുണ്ട് എന്നതും മറ്റൊരു കാഴ്ചയിൽ ശ്രദ്ധയിൽ വരും.

മുരളിയുടേയും സേതുമാധവൻ്റെയും കാലത്തിന് ശേഷം മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. ഇരുട്ടി വെളുത്ത പോലെ കാലം മാറി. അന്ന് കൗമാരക്കാരനായിരുന്ന സന്ദീപ് (ഹൃദയപൂർവ്വം/2025) ഇപ്പോൾ നമ്മുടെ കേരളത്തിൽ വിജയകരമായ ഒരു ക്ലൗഡ് കിച്ചൻ ബിസിനസ് നടത്തുകയാണ്. സന്ദീപിൻ്റെ ബിസിനസ് നിരന്തരം മെച്ചപ്പെടുന്നതാണ് അനുഭവം. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ അലട്ടുകയും ഹൃദയം തന്നെ മാറ്റിവെക്കേണ്ടി വരികയും ചെയ്ത സംരംഭകനാണയാൾ. സെൻസിറ്റീവായ ആരോഗ്യാവസ്ഥയിൽ പോലും ബിസിനസ് സംബന്ധമായ വേവലാതികളൊന്നും സന്ദീപിനെ അലട്ടുന്നില്ല. വ്യവസായ സൗഹൃദ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ ശേഷമുള്ള കേരളത്തിലാണ് സന്ദീപിൻ്റെ സംരംഭം എന്നതാണ് ശ്രദ്ധേയം

സംരംഭത്തിൽ ആദ്യ ചുവട് മുതൽ കൈപിടിച്ച് സഹായിക്കാൻ സർക്കാരുണ്ടിപ്പോൾ. മുരളിയുടെ കാലത്തില്ലാതിരുന്ന ഒട്ടേറെ സംരംഭാനുകൂല സംവിധാനങ്ങൾ ഇപ്പോഴുണ്ട്. ഏകജാലക അനുമതി, രോഗചികിൽസക്ക് ആശുപത്രി എന്ന പോലെ പ്രവർത്തിക്കുന്ന MSME ക്ലിനിക്കുകൾ, പരാതി പരിഹാരത്തിനായി മന്ത്രി തലം മുതൽ പ്രാദേശികതലം വരെയുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം അവയിൽ ചിലതു മാത്രം. സേതുവിനെ ഉപദ്രവിച്ചതു പോലുള്ള ഉദ്യോഗസ്ഥരെയൊന്നും കേരളത്തിലെവിടെയും ഇപ്പോൾ കാണാനാവില്ല. ഉദ്യോഗസ്ഥർ സഹായവുമായി സംരംഭകരിലേക്ക് എത്തുന്നു. ഐ.എസ്.ഐ മാർക്ക് കാണാൻ കുറ്റമൊന്നും ചെയ്യേണ്ട സാഹചര്യമില്ല എന്നർത്ഥം. സന്ദീപിൻ്റെ സംരംഭവിജയം പുതിയ കേരളത്തിൻ്റെ അതിസാധാരണ കാഴ്ച മാത്രമാണ്.

80 കളിലെ മുരളിയെ സൃഷ്ടിച്ച പ്രിയപ്പെട്ട സത്യൻ അന്തിക്കാട് തന്നെയാണ് 2025 ലെ സന്ദീപിനേയും നമുക്ക് മുന്നിൽ വരച്ചിട്ടത്. ഏറെക്കാലം കേരളത്തിലെ സംരംഭകൻ്റെ പ്രതീകമായി പൊതുബോധത്തെ അടക്കിഭരിച്ച മുരളിയും സേതുവും തിരശ്ശീലക്ക് പിന്നിലേക്ക് മാറിയിരിക്കുന്നു. സന്ദീപിനെപ്പോലെ വിജയം കൊയ്യുന്ന സംരംഭകരാണിപ്പോൾ അരങ്ങിൽ. ഈ അനുഭവമാണ് ഏഷ്യാനെറ്റ് സംഘടിപ്പിച്ച പരിപാടിയിൽ കേരളത്തിലെ പ്രമുഖ വ്യവസായ സംരംഭകർ കഴിഞ്ഞ ദിവസം പങ്കുവച്ചതും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com