

മലപ്പുറം തിരുവാലിയിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഫാൻ കട്ടിലിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തിരുവാലി കൊളക്കാട്ടിരിയിലെ ഫാമിൽ ജോലിക്കാരായ എറണാകുളം കാലടി സ്വദേശി പന്നികശേരി സജീവിന്റെ മകൾ ശ്രീഭദ്രയാണ് പൊള്ളലേറ്റ് മരിച്ചത്. കുട്ടിയെ മുറിയിൽ ഉറക്കിക്കിടത്തിയ ശേഷം മാതാപിതാക്കൾ സമീപത്തെ ഫാമില്‍ ജോലിക്ക് പോയ സമയത്താണ് അപകടം സംഭവിച്ചത്.
വൈകീട്ട് 4.15ഓടെ ഷോർട്ട് സർക്യൂട്ട് മൂലം വാൾഫാൻ തീപിടിച്ച്, കുഞ്ഞ് കിടന്നുറങ്ങിയിരുന്ന ബെഡിലേക്ക് ഉരുകി വീഴുകയായിരുന്നു. കിടക്കയ്‌ക്കും കുഞ്ഞ് കിടന്ന ബേബി ബെഡിനും തീപിടിച്ചു. ഈ സമയം, മാതാപിതാക്കള്‍ സമീപത്തെ ഫാമില്‍ ജോലിയിലായിരുന്നു. വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് ഓടിച്ചെന്ന് നോക്കിയപ്പോഴാണ് ഫാൻ ഉരുകി ബെഡിലേക്ക് വീണതാണെന്ന് മനസ്സിലായത്. ഉടന്‍ തന്നെ കുഞ്ഞിനെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തെ തടയാനായില്ല. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.