
ജോൺ ബ്രിട്ടാസ് എംപിക്കെതിരെ യുണൈറ്റഡ് പെന്തകോസ്തൽ സിനഡ് കൗൺസിൽ. യൂട്യൂബർ സംദിഷ് ഭാട്ടിയക്ക് നൽകിയ അഭിമുഖത്തിൽ ജോൺ ബ്രിട്ടാസ് പെന്തകോസ്തൽ സമൂഹത്തെ അടച്ചാക്ഷേപിച്ചെന്നാണ് സിനഡ് കൗൺസിലിൻ്റെ പരാതി. ആരാധനയേയും വിശ്വാസത്തെയും അവഹേളിക്കുന്ന ഈ നിലപാടാണോ സിപിഐഎമ്മിൻ്റേതെന്ന് വ്യക്തമാക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു.
20,000 പെന്തകോസ്തൽ വിശ്വാസികൾ നിലമ്പൂരിലുണ്ട്. ഇവിടെ സംഘടനാ സംവിധാനം ശക്തമാണ്. കേരളത്തിൽ 22 ലക്ഷം വോട്ടർമാർ പെന്തകോസ്ത് വിശ്വസികളാണ്. പാറശാല മുതൽ പത്തനംതിട്ട വരെ 16 മണ്ഡലങ്ങളിൽ നിർണായക ശക്തിയാണെന്ന് ഓർക്കണമെന്നും സിനഡ് നേതാക്കൾ പറഞ്ഞു. സിപിഐഎം സംസ്ഥാന സമിതി അംഗവും രാജ്യസഭാംഗവുമാണ് ജോൺ ബ്രിട്ടാസ്.
പെന്തക്കോസ്ത് സഭയുടെ പ്രാർഥനാ രീതികൾക്കെതിരെ ജോൺ ബ്രിട്ടാസ് എംപി നടത്തിയ വിവാദ പരാമർശത്തിനെതിരെ നേരത്തെ യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്ത പാരമ്പര്യമുള്ള ഈ വിഭാഗത്തെ ജോൺ ബ്രിട്ടാസ് എംപി കഴിഞ്ഞ ദിവസം ടത്തിയ യൂട്യൂബ് ചർച്ചയിൽ അപമാനിച്ചത് പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി പറഞ്ഞു. ഇന്ത്യയിലെ പ്രധാന ക്രിസ്ത്യൻ മത വിഭാഗവും, നിരവധി വിശ്വാസികൾ ആരാധന നടത്തുകയും ചെയ്യുന്ന സഭയുമാണ് പെന്തകോസ്ത് എന്നും അബിൻ വിമർശിച്ചു.
"പെന്തക്കോസ്ത് വിഭാഗങ്ങളുടെ പ്രാർഥന രീതികൾ അനാവശ്യവും അരോചകവുമാണെന്ന തരത്തിലുള്ള പ്രസ്താവനയാണ് അഭിമുഖത്തിൽ ബ്രിട്ടാസ് പറയുന്നത്. ഭരണഘടനയുടെ 25ാം അനുച്ഛേദം ഉറപ്പുവരുത്തിയ മതവിശ്വാസങ്ങൾ പ്രചരിപ്പിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് സിപിഐഎം എംപി നടത്തിയത്. വിശ്വാസത്തിൽ താല്പര്യമില്ലെങ്കിലും പെന്തക്കോസ്ത് വിഭാഗങ്ങളുടെ വോട്ടുകൾക്കായി അവരുടെ പള്ളികൾ കയറിയിറങ്ങുന്ന സഖാക്കന്മാരെ വിശ്വാസികൾ തിരിച്ചറിയണം," അബിൻ വർക്കി വിമർശിച്ചു.