കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ ഭർത്താവ് സതീഷിൻ്റെ ഇടക്കാല ജാമ്യം റദ്ദാക്കി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. ബിഎൻഎസ് 108 പ്രകാരം പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ സതീഷിനെതിരെ കൊലപാതക കുറ്റം നിൽനിൽക്കില്ലന്നും കോടതി നിരീക്ഷിച്ചു. കോടതി നിർദേശപ്രകാരം സതീഷ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി.
അതുല്യയെ ഭർത്താവ് സതീഷ് കൊലപ്പെടുത്തുമെന്ന് പറയുന്ന വീഡിയോ സന്ദേശം അടക്കം പുറത്തുവന്നിരുന്നു. മദ്യപിച്ച ശേഷം അതുല്യയെ ക്രൂരമായി മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പത്ത് വർഷം പീഡനം സഹിച്ചെന്ന് അതുല്യ പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇക്കഴിഞ്ഞ ജൂലൈ 19നാണ് ഷാർജയിൽ ഭർത്താവ് സതീശിനൊപ്പം താമസിച്ചിരുന്ന അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ മരണം കൊലപാതകമാണെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം. ക്രൂരപീഡനത്തിൻ്റെ ദൃശ്യങ്ങൾ തെളിവായി കോടതിയിൽ ഹാജരാക്കിയെങ്കിലും, ഇവ പഴയ ദൃശ്യങ്ങളാണെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. ചിത്രങ്ങളുടെ ആധികാരികത തെളിയിക്കുന്ന ഫോറൻസിക് റിപ്പോർട്ട് ഹാജരാക്കാനും കോടതി പ്രോസിക്യൂഷനോട് നിർദേശിച്ചു.