കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെ മേൽക്കോടതികളെ സമീപിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥ ബി. സന്ധ്യ. ഇത് അന്തിമവിധി അല്ല. മേൽക്കോടതികൾ ഉണ്ട്. എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം. അന്തിമ വിധിവരെ ഇരയ്ക്കൊപ്പം ഉണ്ടാകും. നീതിക്കുവേണ്ടി മേൽ കോടതികളെ സമീപിക്കുമെന്നും ബി. സന്ധ്യ പറഞ്ഞു.
ഗൂഢാലോചന വെല്ലുവിളിയാണ്. അന്വേഷണസംഘം നല്ല ജോലിയാണ് ചെയ്തത്. അന്വേഷണസംഘം അഭിനന്ദനം അർഹിക്കുന്നു. പ്രോസിക്യൂട്ടർമാരും നല്ല രീതിയിൽ ജോലി ചെയ്തു. കേസ് അന്വേഷണത്തിൽ ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥ ബി. സന്ധ്യ പറഞ്ഞു.
മലയാള ചലച്ചിത്ര രംഗത്ത് കോളിളക്കം സൃഷ്ടിച്ച കേസാണ് കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിലുണ്ടയത്. കേസിൽ ഒന്നു മുതൽ ആറുവരെ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എട്ടാം പ്രതി ദിലീപ് കുറ്റവിമുക്തൻ ആണെന്നും കോടതി വിധി. ഒന്നു മുതൽ ആറുവരെയുള്ള പ്രതിക്കൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോടതി അറിയിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് കേസിൽ വിധി പറഞ്ഞത്.
ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണി എന്ന ബി.മണികണ്ഠന്‍, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി വടിവാള്‍ സലിം എന്ന എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് ബലാത്സംഗക്കേസിലെ ആറ് പ്രതികള്‍. ഏഴ് മുതൽ 10 വരെയുള്ള നാല് പ്രതികളെ കോടതി വെറുതെ വിട്ടു. എട്ട് വർഷം നീണ്ട നിയമപോരാട്ടത്തിലൊടുവിലാണ് ഇന്ന് കേസിൽ വിധി പ്രഖ്യാപിച്ചത്. ആറു വർഷമായി കേസിൽ വിചാരണ തുടരുകയായിരുന്നു.