മുതിർന്ന ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചതിൽ എന്‍. പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

അഡീ. ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്കാണ് അന്വേഷണ ചുമതല.
എൻ. പ്രശാന്ത്
എൻ. പ്രശാന്ത്Source: News Malayalam 24x7
Published on

എന്‍. പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സൈബറിടത്ത് അധിക്ഷേപിച്ചതിലാണ് അന്വേഷണം. അഡീ. ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്കാണ് അന്വേഷണ ചുമതല. സസ്പെൻഡ് ചെയ്തത് ഒൻപത് മാസത്തിന് ശേഷമാണ് അന്വേഷണം.

അതേസമയം, അധിക്ഷേപമല്ല വസ്തുനിഷ്ഠമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്ന് എൻ. പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു. അഴിമതിയും, വ്യാജരേഖ ചമയ്ക്കലും, സർക്കാർ ഫയലിൽ കൃത്രിമം കാണിക്കലും കയ്യോടെ പൊക്കി പൊതുജനമധ്യത്തിൽ ഇടുന്നതിനെ എന്തിനാണാവോ അധിക്ഷേപിച്ചു എന്ന് വിശേഷിപ്പിക്കുന്നത് എന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.

എൻ. പ്രശാന്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

എന്തായിരുന്നു ഈ 'അധിക്ഷേപം' എന്ന് അറിയാൻ വലിയ ആകാംഷയുണ്ട്‌. അഴിമതിയും, വ്യാജരേഖ ചമയ്ക്കലും, സർക്കാർ ഫയലിൽ കൃത്രിമം കാണിക്കലും കയ്യോടെ പൊക്കി പൊതുജനമധ്യത്തിൽ ഇടുന്നതിനെ എന്തിനാണാവോ 'അധിക്ഷേപിച്ചു' എന്ന് വിശേഷിപ്പിക്കുന്നത്‌? ഞാനെന്താണ്‌ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തതെന്ന് അവിടെപ്പോയി വായിച്ചാൽ ഇപ്പോഴും കാണാം. ചെയതത്‌ പുറത്തറിഞ്ഞതിലുള്ള ജാള്യതയാണോ ഈ 'അധിക്ഷേപം'? നരേറ്റീവ്‌ മാറ്റാനും ഉന്നയിച്ച വിഷയം കുഴിച്ച്‌ മൂടാനും ഇതുകൊണ്ടാവില്ല.

ആരോപണങ്ങൾ തെളിവ്‌ സഹിതം നൽകിയിട്ടും അന്വേഷിക്കില്ലെന്നും, അത്‌ സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരനായ എനിക്ക്‌ നൽകാൻ യാതൊരു ബാധ്യതയുമില്ലെന്നും മുൻ ചീഫ്‌ സെക്രട്ടറി ഒരു അഭിമുഖത്തിൽ പറഞ്ഞത്‌ എല്ലാവരെയും ഞെട്ടിച്ചതാണ്‌. എന്നാൽ ഒന്നോർക്കുക, കേവലം IAS പോരെന്നും അധിക്ഷേപമെന്നും വരുത്തിത്തീർത്ത്‌ ഡോ.ജയതിലകും ഗോപാലകൃഷ്ണനും ചെയ്ത ഗുരുതരമായ കുറ്റങ്ങൾ എക്കാലവും മറയ്ക്കാൻ സാധിക്കില്ല.

2008 ൽ മസൂറി ട്രെയിനിംഗ്‌ കഴിഞ്ഞ്‌, ബഹു.മുൻ മുഖ്യമന്ത്രി വി.എസിന്റെ മുന്നിലാണ്‌ ഞാനും എന്റെ ബാച്ച്‌ മേറ്റ്‌ ശ്രീ. അജിത്‌ പാട്ടേലും റിപ്പോർട്ട്‌ ചെയ്യുന്നത്‌. കൂടുതൽ പറയുന്നില്ല, ‌ വസ്തുനിഷ്ഠമായ ആരോപണവും അധിക്ഷേപവും തമ്മിലുള്ള വ്യത്യാസം നാട്ടുകാർക്ക് നന്നായറിയാം.

മൂന്നുതവണ സസ്പെൻഷൻ നീട്ടിയ ശേഷമാണ് എൻ. പ്രശാന്തിനെതിരെ വിശദ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. മൂന്ന് മാസത്തിനകം പ്രിന്‍സിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് റിപ്പോർട്ട് സമർപ്പിക്കണം. ചീഫ് സെക്രട്ടറിയായ എ. ജയതിലകിന് നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥനെയാണ് അന്വേഷണം ഏൽപ്പിച്ചിട്ടുള്ളത്. പ്രശാന്ത് കുറ്റപത്ര മെമ്മോക്ക് നല്‍കിയ മറുപടി തള്ളുന്നതായി അന്വേഷണ ഉത്തരവിലുണ്ട്. മെമ്മോയിലെ കുറ്റങ്ങള്‍ എല്ലാം നിഷേധിച്ചുവെന്നും എന്നാൽ ഇതിന് പറയുന്ന ന്യായങ്ങള്‍ അംഗീകരിക്കാൻ കഴിയില്ലെന്നും സര്‍ക്കാർ പറയുന്നു.

നിലവിലെ ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെയും ഗോപാലകൃഷ്ണനെതിരെയും അഴിമതിയും ഗൂഢാലോചനയും ഉൾപ്പെടെ ആരോപിച്ച് കൊണ്ടായിരുന്നു പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ നവംബറിൽ പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com