
എറണാകുളം മൂവാറ്റുപുഴ കദളിക്കാട് പൊലീസ് ഉദ്യോഗസ്ഥനെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. ഇടുക്കി മണിയാറൻ കുടി സ്വദേശി ഷെരീഫ് ഷംസുദ്ദീൻ, ആസിഫ് നിസാർ എന്നിവരെയാണ് പൊലീസ് തിരയുന്നത്. കല്ലൂർക്കാട് പൊലിസ് സ്റ്റേഷനിലെ എസ്ഐ മുഹമ്മദ് ഇ.എമ്മിന് നേരെയാണ് വാഹന പരിശോധനയ്ക്കിടെ ആക്രമണം നടന്നത്.
ഇന്നലെ വൈകിട്ട് കദളിക്കാട് വെച്ച് വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയ കാർ നിർത്താൻ എസ്ഐ മുഹമ്മദ് ഇ.എം. ആവശ്യപ്പെട്ടതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. വാഹനം നിർത്താതെ പൊലീസുകാരനെ ഇടിച്ചുവീഴ്ത്തി ശരീരത്തിലൂടെ കാർ കയറ്റി സ്പീഡിൽ ഓടിച്ചു പോവുകയായിരുന്നു. കാലിന് ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.
പ്രതിയായ ഷെരീഫ് ഷംസുദ്ദീൻ മൂവാറ്റുപുഴക്ക് സമീപം വാടക്ക് താമസിക്കുകയാണ്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന ആസിഫ് നിസാർ തൊടുപുഴ വെങ്ങല്ലൂർ സ്വദേശിയാണ്. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളുടെ മൂന്ന് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികൾ ലഹരി മരുന്ന് സംഘത്തിലെ കണ്ണികളാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.