കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബർ പിടിയിലായ കേസിൽ അന്വേഷണം സിനിമ മേഖലയിലേക്കും കടക്കുന്നു. പ്രതി റിൻസി കൊച്ചിയിൽ വാടകയ്ക്ക് എടുത്തിരുന്ന ഫ്ലാറ്റിൽ സിനിമാ മേഖലയിലുള്ളവർ എത്തിയിരുന്നതായി സംശയമുണ്ട്. അതേസമയം റിൻസി നടത്തിയ ലക്ഷങ്ങളുടെ ലഹരിക്കച്ചവടത്തിന്റെ തെളിവുകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. മയക്കുമരുന്നിന്റെ വില വിവരം രേഖപ്പെടുത്തിയ റിൻസിയുടെ വാട്സ്ആപ്പ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. റിൻസിയുടെ മൊഴിയിൽ നിന്ന് ലഭിച്ച പേരുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
10 മാസങ്ങൾക്കു മുൻപാണ് റിൻസി ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. ഇവിടെ സിനിമാ മേഖലയിൽ നിന്നുള്ളവർ നിരന്തരം എത്തിയിരുന്നെന്നാണ് സംശയം. ലഹരി എത്തിക്കാൻ സുഹൃത്ത് യാസറിന് പണം നൽകിയിരുന്നത് റിൻസിയാണെന്നും അന്വേഷണസംഘം കണ്ടെത്തി. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി പൊലീസ് വിശദമായി ചോദ്യം ചെയ്യും. 20.5 ഗ്രാം എംഡിഎംഎയുമായാണ് പാലച്ചുവട്ടിലെ ഫ്ലാറ്റിൽ നിന്ന് പ്രതികൾ പിടിയിലായത്.
വയനാട്ടിൽ നിന്ന് പിടിയിലായ സംഘമാണ് റിൻസിയെ കുറിച്ചുള്ള വിവരം നൽകിയത്. സിനിമ മേഖലയിലെ പ്രമുഖർക്ക് ഉൾപ്പെടെ റിൻസി ലഹരി വിൽപന നടത്തിയിരുന്നെന്നാണ് സൂചന. ഡിജെ പാർട്ടികളിൽ ആണ് പ്രധാനമായും മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഉപഭോക്താക്കൾക്ക് മയക്കുമരുന്നിന്റെ ചിത്രങ്ങൾ വാട്സാപ്പിലൂടെയാണ് അയച്ചുകൊടുത്തിരുന്നത്. ഇതിനായി 750ലധികം ഗ്രൂപ്പുകളും ഉണ്ടായിരുന്നു.
യൂട്യൂബറും കോഴിക്കോട് സ്വദേശിയുമായ റിൻസിയും സുഹൃത്ത് യാസർ അറഫത്തുമാണ് 22.5 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പിടിയിലായത്. പിന്നാലെ യൂട്യൂബർ ഉണ്ണി മുകുന്ദൻ്റെ മാനേജരാണെന്ന തരത്തിൽ പല ഓൺലൈൻ ചാനലുകളിലും മറ്റും വാർത്തകൾ പ്രചരിച്ചിരുന്നു. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് ഇരുവരും പിടിയിലായത്.