

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രണ്ട് മൊബൈൽ ഫോണുകളും തുറക്കാൻ അന്വേഷണ സംഘം. ഇതിനായി സാങ്കേതിക സംവിധാനം ഉപയോഗിക്കും. ഫോണിലെ മുഴുവൻ ഫയലുകളും പകർത്താനായി രണ്ട് ടിബിയുടെ ഹാർഡ് ഡിസ്ക് പ്രത്യേക അന്വേഷണ സംഘം വാങ്ങിയിട്ടുണ്ട്. മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ഫോണിൽ നിർണായക ചാറ്റുകളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കസ്റ്റഡിയിൽ എടുക്കുമ്പോൾ ഫോൺ കയ്യിൽ എടുക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൊലീസ് സമ്മതിച്ചിരുന്നില്ല. അത് പിന്നീട് റൂമിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അതേസമയം, ഫോണുകളുടെ പാസ്‌വേഡ് നൽകാൻ ഇതുവരെ രാഹുൽ തയ്യാറായിട്ടില്ലെന്നാണ് വിവരം. തനിക്ക് അനുകൂലമായ തെളിവുകൾ ഫോണുകളിൽ ഉണ്ടെന്നും അത് പൊലീസ് നശിപ്പിക്കുമെന്നുമാണ് രാഹുലിൻ്റെ വാദം. അതേസമയം, ഈ മെയിൽ വഴി കേസ് എടുത്തതിൽ നിയമ പ്രശ്നം ഇല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. മെയിലിനൊപ്പം സിഗ്നേച്ചർ ഉണ്ടെന്നും ഇക്കാര്യത്തിൽ രാഹുലിന്റെ വാദം നിലനിൽക്കില്ലെന്നും അന്വേഷണ സംഘം പറയുന്നു.