കോഴിക്കോട്: ജില്ലയില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി പരാതി. വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിക്ഷേപകർക്ക് അമിത പലിശ നൽകുമെന്ന് വാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പ് നടത്തിയത്. സംസ്ഥാനത്ത് നിന്നും 460 കോടിയോളം രൂപ ഡെപ്പോസിറ്റായി പലരിൽ നിന്നും സ്ഥാപനം സ്വീകരിച്ചെന്നും ആരോപണം ഉയരുന്നു. തട്ടിപ്പിനിരയായവർ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാല്‍ നടപടികള്‍ പൊലീസ് വൈകിപ്പിക്കുന്നതായാണ് നിക്ഷേപകരുടെ ആരോപണം.
2016 മുതലാണ് വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകരിൽ നിന്നും ഡെപ്പോസിറ്റ് തുകകൾ സ്വീകരിച്ചു തുടങ്ങിയത്. ജില്ലയില്‍ പല സ്ഥലങ്ങളിലും ഫാമുകള്‍ ലീസിന് എടുത്ത് കൃഷി ചെയ്ത് ലാഭമുണ്ടാക്കി നിക്ഷേപകര്‍ക്ക് ലാഭവിഹിതം കൊടുക്കും എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഇതിനായി വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റി എന്ന പേരില്‍ കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പണം സമാഹരിച്ചത്. പിന്നീട് പല നിക്ഷേപകർക്കും പലിശ മുടങ്ങി. കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ പിൻവലിക്കാനെത്തിയപ്പോഴാണ് സ്ഥാപനം അടച്ചിട്ടതായി ശ്രദ്ധയിൽപ്പെട്ടത്.
സ്ഥാപനം കേന്ദ്ര മന്ത്രി അമിത് ഷായുടെ ഫോട്ടോ ഉപയോഗപ്പെടുത്തി പരസ്യം നൽകിയതും നിക്ഷേപകരുടെ വിശ്വാസം വർധിപ്പിച്ചു. പലിശ മുടങ്ങിയതിനെ തുടർന്ന് വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട് ബ്രാഞ്ച് മാനേജർ മധുസൂദനുമായി ബന്ധപ്പെട്ടപ്പോൾ സൊസൈറ്റിയിൽ ചില സാമ്പത്തിക പ്രതിസന്ധികൾ ഉള്ളതായി അറിയിച്ചു. ശേഷം നിക്ഷേപകർക്ക് പണം ഉടൻ തിരിച്ച് നൽകുമെന്ന് ഉറപ്പ് നൽകി. എന്നാൽ ആറ് മാസമായിട്ടും പണം ലഭിക്കാതെയായതോടെയാണ് നിക്ഷേപകർ കസബ പോലീസിൽ പരാതി നൽകിയത്. അന്വേഷണം നടത്തിയെങ്കിലും സ്ഥാപന ഉടമയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നാണ് നിക്ഷേപകരുടെ ആരോപണം.
കോഴിക്കോട്ടുള്ള ചില നിക്ഷേപകർ ഓംബുഡ്സ്മാന് പരാതി നൽകി. 15 ദിവസത്തിനുള്ളിൽ നിക്ഷേപം പലിശ സഹിതം തിരിച്ചു നൽകാൻ നിർദേശം നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിന് ശേഷവും പണം ലഭിക്കാത്തതിനാൽ സെൻട്രൽ രജിസ്ട്രാറുമായി ബന്ധപ്പെട്ടെങ്കിലും അവിടെ നിന്നും വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതിന് പിന്നാലെ ഇരയായ നൂറോളം പേർ ചേർന്ന് കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് അടിയന്തരമായി ഇടപെടൽ ആവശ്യപ്പെട്ട് പരാതി നൽകിയത്. വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോഓപ്പറേറ്റീവ് സൊസൈറ്റി മാനേജിങ് ഡയറക്ടർ ശക്തി പ്രകാശ് , ചെയർമാൻ സജീഷ് മഞ്ചേരി, വൈസ് ചെയർമാൻ രജീഷ് കെ.എം എന്നിവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നിക്ഷേപകരുടെ പണം തിരിച്ചു നൽകണമെന്നാണ് ഇവരുടെ ആവശ്യം. തൃശൂരിലും സമാനമായ കേസിൽ ചെയർമാനായ സജീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.