വനിതാ എസ്ഐമാർക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയിൽ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. രണ്ട് വനിതാ എസ്ഐമാരാണ് തലസ്ഥാനത്ത് ഇപ്പോൾ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്. പ്രാഥമിക അന്വേഷണം നടത്തിയ ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി അന്വേഷണം പ്രഖ്യാപിച്ചത്.
തെക്കൻ കേരളത്തിലെ ഒരു ജില്ലയിൽ എസ്പിയായിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജി അജിതാ ബീഗത്തിനാണ് വനിതാ എസ്ഐമാർ പരാതി നൽകിയത്. പരാതി അന്വേഷിച്ച അജിത ബീഗം എസ്ഐമാരുടെ മൊഴി രേഖപ്പെടുത്തി. രണ്ട് പേരും പരാതിയിൽ ഉറച്ചുനിന്നാണ് മൊഴി നൽകിയത്.
ഇതോടെ പോഷ് ആക്ട് പ്രകാരം തുടർനടപടി സ്വീകരിക്കാം എന്ന് ശുപാർശ ചെയ്ത് അജിതാ ബീഗം ഡിജിപിക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ ഡിജിപി അന്വേഷണം പ്രഖ്യാപിച്ചത്. ഹെഡ് ക്വാട്ടേഴ്സ് എസ്പി മെറിൻ ജോസഫിനാണ് അന്വേഷണ ചുമതല. ഇപ്പോൾ തിരുവനന്തപുരത്ത് പോലീസ് സേനയിലെ പ്രധാന പദവിയിലാണ് ഈ ഉദ്യോഗസ്ഥൻ.