ആലപ്പുഴ: കപ്പൽ ജീവനക്കാരനായ പുന്നപ്ര സ്വദേശി വിഷ്ണു ബാബുവിനെ കാണാതായിട്ട് ഇന്നേക്ക് ഒരു വർഷം. ഭരണ-നിയമ സംവിധാനങ്ങൾ ഒരുപോലെ കൈ ഒഴിഞ്ഞിട്ടും ശുഭകരമായ വാർത്തയ്ക്കായി കാത്തിരിക്കുകയാണ് ഇപ്പോഴും ആ കുടുംബം. ഒഡീഷയിൽ നിന്നും ചൈനയിലേക്ക് പോയ എസ്എസ്ഐ റെസല്യൂട്ട് എന്ന കപ്പലിൽ നിന്നുമാണ് അവസാനമായി വിഷ്ണു മാതാപിതാക്കളോട് സംസാരിച്ചത്.
കഴിഞ്ഞവർഷം ജൂലൈ 17നാണ് അവസാനത്തെ ഫോൺ കോൾ വന്നത്. കാര്യങ്ങളെല്ലാം നന്നായി പോകുന്നുവെന്ന് പറഞ്ഞ് വിഷ്ണു ഫോൺ വെച്ചു. അടുത്തദിവസം പുലർച്ചെ മകനെ കാണാനില്ലെന്നറിയിച്ചു കൊണ്ടു കപ്പൽ കമ്പനിയിൽ നിന്നുളള വിവരമാണ് കുടുംബത്തെ തേടി വന്നത്. തുടർന്നിങ്ങോട്ട് മുട്ടാവുന്ന വാതിലുകളൊക്കെ മുട്ടിയെങ്കിലും പ്രയോജനമുണ്ടായില്ല.
ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ തിരച്ചിൽ അവസാനിപ്പിച്ചതായി കപ്പൽ കമ്പനി അറിയിച്ചു. ആശ്വാസ വാക്കുകളുമായി ജനപ്രതിനിധികൾ വീട്ടിലെത്തിയെങ്കിലും തിരച്ചിൽ കാര്യക്ഷമമാക്കാനുള്ള നടപടികൾ ഉണ്ടായില്ല. നിയമസഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഏറ്റവും ഒടുവിൽ ഹൈക്കോടതിയെ സമീപിച്ചു, പക്ഷെ നിരാശയായിരുന്നു വിധി.
ചെന്നൈ ആസ്ഥാനമായ ഡെൻസായ് മറൈൻ കാർഗോ ഷിപ്പിങ് കമ്പനിയിലെ എസ്എസ്ഐ റസല്യൂട്ട് എന്ന ചരക്ക് കപ്പലിലെ ട്രെയിനി വൈപ്പറായിരുന്നു വിഷ്ണു. ഒഡിഷയിൽ നിന്ന് പാരദ്വീപ് വഴി ചൈനയിലേക്ക് പോകുമ്പോൾ മലേഷ്യക്കും ഇന്തോനേഷ്യക്കും ഇടയിൽ മലാക്കാ കടലിടുക്കിൽ വച്ചാണ് വിഷ്ണുവിനെ കാണാതാകുന്നത്. വിഷ്ണു കടലിൽ വീണെന്ന നിഗമനത്തിലാണ് നടപടിക്രമങ്ങളെല്ലാം കപ്പൽ കമ്പനി പൂർത്തിയാക്കിയത്.
കുടുംബത്തിൻറെ മുഴുവൻ പ്രതീക്ഷയുമായിരുന്ന മകൻ എങ്ങോട്ട് പോയെന്നോ എന്തു സംഭവിച്ചുവെന്നോ ഈ കുടുംബത്തിന് അറിയില്ല. തൻ്റെ മകൻ്റെ ജീവനുവേണ്ടി നാട്ടിലെ ഭരണസംവിധാനങ്ങൾ എന്തു ചെയ്തു എന്ന ചോദ്യമാണ് കുടുംബം ഉന്നയിക്കുന്നത്.