കാസർഗോഡ്: കാസർഗോഡ് നിന്ന് എ.കെ.എം. അഷ്റഫിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ ക്യാംപെയിൻ. പണത്തിനും മക്കൾ രാഷ്ട്രീയത്തിനും വഴങ്ങാതെ എ.കെ.എം. അഷ്റഫിനെ മന്ത്രിയാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. യൂത്ത് ലീഗിൻ്റെ പ്രാദേശിക നേതാക്കളാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ക്യാംപെയിൻ ആരംഭിച്ചത്.
സംഘപരിവാറിനെ വിറപ്പിച്ച് ആയിരം എന്ന ഭൂരിപക്ഷം 30000 ആയി ഉയർത്തിയ മികച്ച രാഷ്ട്രീയ പ്രവർത്തകനും എംഎൽഎയുമായിരുന്ന എ.കെ.എം. അഷ്‌റഫിനെ കാസർഗോഡിൻ്റെപ്രതിനിധിയായി മന്ത്രിയാക്കണമെന്നാണ് ക്യാംപെയ്നിലൂടെ ഇവർ ആവശ്യപ്പെടുന്നത്.
അതേസമയം, മന്ത്രിസ്ഥാനം നിഷേധിച്ചതിന് പിന്നാലെ കോഴിക്കോടിനോടുള്ള അവഗണന ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ കൂട്ടരാജിക്ക് ഒരുങ്ങി. വിയർപ്പൊഴുക്കാനും ജീവൻ കൊടുക്കാനും കോഴിക്കോട്ടെ സാധാരണക്കാരായ പ്രവർത്തകർ വേണമെന്നും, എന്നാൽ മന്ത്രിസ്ഥാനം നിഷേധിക്കുന്നത് വഞ്ചനയാണെന്നും യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞു.
പാറക്കൽ അബ്ദുള്ളയുടെ അയോഗ്യത എന്താണെന്ന ചോദ്യമുയർത്തി കൊണ്ട് പ്രാദേശിക യൂത്ത് ലീഗ് നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. ആറ് എംഎൽഎമാരെ വിജയിപ്പിച്ചിട്ടും അവഗണിക്കുന്നു എന്ന് നേതാക്കൾ ആക്ഷേപം ഉന്നയിച്ചു. അനഗണന ചൂണ്ടിക്കാട്ടി കൊണ്ട് പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പുറമേരിയിൽ വൈകിട്ട് പ്രതിഷേധ പ്രകടനം നടത്താനാണ് നേതാക്കളുടെ തീരുമാനം.