

കൊച്ചി: രാഹുൽ ഗാന്ധിയുടെ ഇസ്രയേൽ അനുകൂല പരാമർശത്തിൽ കടുത്ത പ്രതിഷേധവുമായി ജമാഅത്തെ ഇസ്ലാമി. രാഹുലിന്റെ പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ജമാഅത്തെ ഇസ്ലാമി അമീർ പി. മുജീബ്റഹ്മാൻ ഫേസ്ബുക്കിലെഴുതിയ പ്രതിഷേധ കുറിപ്പിൽ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ വാദം ധാർമിക നീതിക്ക് നിരക്കാത്തത്. ഗാസയിലെ നിരപരാധികളായ സ്ത്രീകളിലും കുഞ്ഞുങ്ങളിലും പരീക്ഷിച്ച് വിജയിച്ച ആയുധങ്ങളാണ് ഇസ്രായേൽ വിൽക്കുന്നതെന്നും കുറിപ്പിൽ ഓർമപ്പെടുത്തൽ.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ഇസ്രയേൽ ബന്ധം : രാഹുൽ ഗാന്ധിയുടെ പരാമർശം അംഗീകരിക്കാനാവില്ല
ഇന്ത്യയുടെ ഇസ്രായേലും ഫലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി പ്രൊഫസർ പേപ്പുമായി നടത്തിയ സംവാദത്തിൽ നടത്തിയതും തുടർന്ന് എക്സിൽ കുറിച്ചതുമായ പരാമർശം അംഗീകരിക്കാനാവില്ല. ലോകം കണ്ട ഏറ്റവും ഭീകരമായ വംശഹത്യയിലൂടെ ഗസ്സ കടന്നുപൊയ്ക്കൊണ്ടിരിക്കെ, ഇസ്രായേലുമായുള്ള സൈനിക-നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തണമെന്നും ആയുധങ്ങൾ വാങ്ങണമെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇസ്രായേലുമായുള്ള ആയുധക്കച്ചവടത്തെ 'തന്ത്രപ്രധാന താൽപര്യമായി പറയുന്ന രാഹുൽ ഗാന്ധി, ഗസ്സയിലെ വംശഹത്യയെ ലളിതവൽക്കരിക്കുന്നു.
ഇന്ത്യയുടെ അഭിമാനകരമായ വിദേശനയ പാരമ്പര്യത്തെയും സ്വന്തം പാർട്ടിയുടെ തന്നെ ചരിത്രത്തെയും നിരാകരിരാക്കുന്നതാണ് പ്രതിപക്ഷ നേതാവിൻ്റെ നിലപാട്. കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളുടെയും സാമ്രാജ്യത്വ വിരുദ്ധതയുടെയും ഊർജത്തിൽ രൂപപ്പെട്ടതായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ഫലസ്തീൻ നയം. "ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടേതും ഫ്രാൻസ് ഫ്രഞ്ചുകാരുടേതുമായിരിക്കുന്നതുപോലെ ഫലസ്തീൻ അറബികളുടേതാണ്" എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ച മഹാത്മാഗാന്ധിയാണ് ഈ രാഷ്ട്രത്തിൻ്റെ പിതാവ്. 1947-ൽ ഫലസ്തീനെ വിഭജിക്കാനുള്ള ഐക്യരാഷ്ട്രസഭാ പ്രമേയത്തിനെതിരെ വോട്ട് ചെയ്തും, ദശാബ്ദങ്ങളോളം സയണിസ്റ്റ് രാഷ്ട്രവുമായി പൂർണ നയതന്ത്രബന്ധം സ്ഥാപിക്കാൻ വിസമ്മതിച്ച ധാർമിക നിലപാട് സ്വീകരിച്ചത് ജവഹൽലാൽ നെഹ്റുവാണ്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഫലസ്തീൻ വിമോചന പോരാട്ടത്തിന് നൽകിയ അകമഴിഞ്ഞ പിന്തുണയും, ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ആദ്യ അറബി ഇതര രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയതും ചരിത്രത്തിന്റെ ഭാഗമാണ്. ആ മഹത്തായ പാരമ്പര്യത്തെ കുഴിച്ചുമൂടി, സംഘ്പരിവാർ സർക്കാറിന്റെ സയണിസ്റ്റ് അനുകൂല വിദേശനയത്തിന്റെ തുടർച്ചക്കാരനായി കോൺഗ്രസ് മാറുന്നത് ആത്മഹത്യാപരമാണ്.
ഇസ്രായേലിനോടുള്ള രാജ്യത്തിൻ്റെ വിയോജിപ്പ് കേവലം രാഷ്ട്രീയമോ താൽക്കാലികമായ നയതന്ത്ര തർക്കമോ അല്ല; അത് അടിസ്ഥാനപരമായി സൈദ്ധാന്തികവും ധാർമികവുമാണ്. അധിനിവേശത്തിലും വംശീയ ഉന്മൂലനത്തിലും വർണവിവേചനത്തിലും അധിഷ്ഠിതമായ സയണിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത എതിർപ്പാണത്. ഒരു ജനതയുടെ മണ്ണും സ്വാതന്ത്ര്യവും ജീവനും കവർന്നെടുത്ത്, സാമ്രാജ്യത്വ ശക്തികളുടെ തണലിൽ നിലനിൽക്കുന്ന ഒരു അധിനിവേശ രാഷ്ട്രവുമായി സൗഹൃദം സ്ഥാപിക്കുന്നത് നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്. ഒരു നിലയ്ക്കും അവയോട് സന്ധി ചെയ്യാനാവില്ല.
ഇസ്രായേലിൽ നിന്ന് ആയുധങ്ങൾ വാങ്ങണമെന്ന രാഹുൽ ഗാന്ധിയുടെ വാദം ധാർമികമായി ഒട്ടും നീതീകരിക്കാനാവാത്തതാണ്. ഗസ്സയിലെ പിഞ്ചുകുഞ്ഞുങ്ങളുടെയും നിരപരാധികളായ സ്ത്രീകളുടെയും ശരീരങ്ങളിൽ പരീക്ഷിച്ചു വിജയിപ്പിച്ച മാരകായുധങ്ങളാണ് ഇസ്രായേൽ ലോകവിപണിയിൽ വിൽക്കുന്നത്. അത്തരം ആയുധങ്ങൾക്കായി നമ്മുടെ രാജ്യത്തിന്റെ പൊതുപണം ഒഴുക്കുന്നത്, ഫലസ്തീനിലെ വംശഹത്യക്ക് സാമ്പത്തികമായി ഇന്ധനം പകരലാണ്.
ഗസയിലെ വംശഹത്യ അവസാനിപ്പിക്കാൻ ഇസ്രായേലിനെതിരെ ആയുധ ഉപരോധവും നയതന്ത്ര ബഹിഷ്കരണവും വേണമെന്ന് അന്താരാഷ്ട്ര നീതിന്യായ വേദികളും ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികളും ആവശ്യപ്പെടുന്ന സന്ദർഭമാണിത്.
അധിനിവേശത്തിനും സാമ്രാജ്യത്വത്തിനും എതിരെ ഉറച്ച ശബ്ദമുയർത്തേണ്ട സമയത്ത് അതിനെ ലഘൂകരിക്കുന്ന സമീപനം സ്വീകരിക്കാൻ പാടില്ലാത്തതാണ്. ഗസ്സയിലെ വംശഹത്യക്കെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കാനും, ഇസ്രായേലുമായുള്ള സൈനിക-ആയുധ കരാറുകൾ റദ്ദാക്കാൻ കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തുകയുമാണ് പ്രതിപക്ഷ ധർമ്മം.