കോഴിക്കോട്: വിവാദ പരാമർശത്തിൽ സിപിഐഎം നേതാവ് എ.കെ. ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്ലാമി. ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. യുഡിഎഫ് വന്നാൽ ജമാ അത്തെ ഇസ്ലാമിക്ക് ആഭ്യന്തരം എന്ന പരമാർശത്തിലാണ് നടപടി. ജമാഅത്തെ ഇസ്ലാമി വന്നാൽ മാറാട് ആവർത്തിക്കുമെന്നും എ.കെ. ബാലൻ പറഞ്ഞിരുന്നു.
ബാലന്റെ ഈ പ്രസ്താവന വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് ജമാഅത്തെ ഇസ്ലാമി അഭിപ്രായപ്പെട്ടു. പാലക്കാട് ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വർഗീയ കലാപത്തിന് ശ്രമിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി കയ്യാളുമെന്നും അപ്പോൾ പല മാറാടുകളും ആവർത്തിക്കുമെന്നുമാണ് എ.കെ. ബാലൻ്റെ പരാമർശം.
സംഭവത്തിൽ ബാലനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇന്ത്യയിൽ എവിടെയെങ്കിലും ജമാഅത്തെ ഇസ്ലാമി വർഗീയമായ ഒരു പരാമർശമെങ്കിലും നടത്തിയതായി തെളിയിക്കാൻ ബാലനെ വെല്ലുവിളിക്കുന്നുവെന്നും ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ നേരത്തേ പ്രതികരിച്ചിരുന്നു.
"ഇടത് മുന്നണി വീണ്ടും വരും. പിണറായി വിജയൻ നേതൃത്വം നൽകും. വർഗീയ കലാപങ്ങൾ തടഞ്ഞത് ഇടത് സർക്കാരാണ്. കേരളത്തിൽ നടക്കാൻ പാടില്ലാത്തത് പാലക്കാട് നടന്നു. ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും പാലക്കാട് കലാപത്തിന്ന് ശ്രമിച്ചു. അത് പൊലീസിനെ ഉപയോഗിച്ചാണ് തടഞ്ഞത്. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് മാറുവിരിച്ചിറങ്ങിയ നേതാവാണ് പിണറായി വിജയൻ. മതന്യൂനപക്ഷങ്ങൾക്കെതിരായ വെള്ളാപ്പള്ളിയുടെ പരാമർശങ്ങളെ ശക്തമായി ഇടതുപക്ഷം എതിർത്തു. ജമാഅത്തെ ഇസ്ലാമിയെക്കാൾ വലിയ വർഗീയതയാണ് ലീഗ് പറയുന്നത്," എന്നെല്ലാം എ.കെ. ബാലൻ്റെ പരാമർശത്തിൽ ഉണ്ടായിരുന്നു.