ഇടുക്കിയിലെ ജീപ്പ് സഫാരി നിരോധനം: ജില്ലാ ഭരണകൂടത്തിൻ്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

ജില്ലാ കളക്ടറുടെ നടപടി ടൂറിസം മേഖലയെ തകർക്കുമെന്ന് ആരോപിച്ച് ജില്ലയുടെ വിവിധ മേഖലകളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Meta AI
Published on

ഇടുക്കിയില്‍ ജീപ്പ് സഫാരിക്കും, ഓഫ് റോഡ് നിരോധനം ഏർപ്പെടുത്തിയ ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ടൂറിസം മേഖലയില്‍ ഉള്‍പ്പടെയുള്ള മുഴുവൻ ജീപ്പ് സഫാരികള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓഫ് റോഡിൽ അടക്കം ഓടുന്ന ജീപ്പുകളുടെ ഫിറ്റ്നസ് ഉറപ്പുവരുത്താനാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഇടുക്കിയിലെ ജീപ്പ് സഫാരി നിരോധിച്ച ജില്ലാ കളക്ടറുടെ നടപടി ടൂറിസം മേഖലയെ തകർക്കുമെന്ന് ആരോപിച്ച് ജില്ലയുടെ വിവിധ മേഖലകളിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. മൂന്നാർ- ആനച്ചാൽ പാത, മാങ്കുളം, കുമളി, നെടുംകണ്ടം, വാഗമൺ തുടങ്ങിയ വിവിധ ഇടങ്ങളിലാണ് പ്രതിഷേധം ഉയർന്നത്.

മൂന്നാര്‍ പോതമേട്ടില്‍ വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇത്തരത്തില്‍ അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍, യാത്രകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നിരോധനം ഏര്‍പ്പെടുത്തിയത്. മൂന്നാര്‍, മറയൂര്‍, ചതുരംഗപ്പാറ, തേക്കടി, വാഗമണ്‍, രാമക്കല്‍മേട്, വണ്ടിപ്പെരിയാർ, ഏലപ്പാറ, വാഗമൺ, കുട്ടിക്കാനം തുടങ്ങി വിവിധ മേഖലകളില്‍ വിനോദ സഞ്ചാരികള്‍ക്കായി ജീപ്പ് സഫാരികള്‍ നടത്തുന്നുണ്ട്. മുന്നറിയിപ്പില്ലാതെ പെട്ടന്ന് ഏര്‍പ്പെടുത്തിയ നിരോധനം, വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കുകയെന്ന് ജീപ്പ് ഉടമകളും തൊഴിലാളികളും പറയുന്നു.

പ്രതീകാത്മക ചിത്രം
ഇടുക്കിയിൽ ജീപ്പ് സവാരി വേണ്ട; നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ

വിവിധ മേഖലകളില്‍ സബ് കളക്ടറുടെ മേല്‍നോട്ടത്തില്‍ പരിശോധനകള്‍ വരും ദിവസങ്ങളിൽ നടത്തും. സര്‍വ്വീസ് നടത്തുന്ന റൂട്ട്, വാഹനങ്ങളുടെ ഫിറ്റ്‌നസ്, ഇന്‍ഷൂറന്‍സ്, ദുര്‍ഘട മേഖലകളില്‍ വാഹനം ഓടിക്കുന്നതിന് ഡ്രൈവര്‍മാര്‍ക്കുള്ള പരിചയസമ്പത്ത് എന്നിവ വിലയിരുത്തിയ ശേഷം അനുമതി നല്‍കുമെന്നാണ് വിശദീകരണം. എന്നാല്‍ നിരോധനം ഏര്‍പ്പെടുത്താതെ, പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് മേഖലയില്‍ ഉപജീവന മാര്‍ഗം കണ്ടെത്തുന്നവരുടെ ആവശ്യം. അതേസമയം, മൂന്നാര്‍ കൊളുക്കുമലയിലേക്ക് സര്‍വ്വീസ് നടത്തുന്ന 238 ജീപ്പുകള്‍ക്ക് നിരോധനം ബാധകമല്ല. മൂന്ന് മാസത്തില്‍ ഒരിക്കല്‍ ഇവിടെ, മോട്ടോര്‍ വാഹന വകുപ്പ് സുരക്ഷാ പരിശോധനകള്‍ നടത്തിവരുന്നുണ്ട്. ദുര്‍ഘട മേഖലയിലേക്കുള്ള ചരക്ക് നീക്കവും വിദൂര മേഖലകളില്‍ നിന്നും ആശുപത്രി ആവശ്യങ്ങള്‍ക്കുള്‍പ്പടെയുള്ള യാത്രയ്ക്കുമൊക്കെ ജീപ്പുകളുടെ സേവനമാണ് ജില്ലയില്‍ പ്രയോജനപെടുത്തുന്നത്, ഇവയ്ക്ക് ഇത് ബാധകമാകുമോയെന്ന ആശങ്ക ദൂരീകരിക്കണമെന്നും ഈ മേഖലയിൽ തൊഴിലെടുക്കുന്നവർ പറയുന്നു.

പെട്ടന്നുള്ള നിരോധനം ആയിരകണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗത്തെ ബാധിക്കുമോയെന്ന ആശങ്കയാണുള്ളത്. ഉത്തരവിൽ വ്യക്തത വരുത്തണമെന്നും, കാലാവധി നിശ്ചയിക്കണമെന്നുമാണ് ജീപ്പ് ഉടമകളുടേയും തൊഴിലാളികളുടെയും ആവശ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com