ആലപ്പുഴ: തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റ് നിർഭാഗ്യകരമെന്ന് അഖില കേരള തന്ത്രിസമാജം ജോയിൻ്റ് സെക്രട്ടറി സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാട്. അറസ്റ്റ് തന്ത്രിസമാജത്തിന് ഞെട്ടൽ ഉണ്ടാക്കിയെന്നും അറസ്റ്റ് ചെയ്യാൻ തക്ക ഒരു തെറ്റും തന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും സൂര്യൻ പരമേശ്വരൻ പറയുന്നു. മറ്റ് ചില പേരുകൾ ഉയർന്നപ്പോഴാണ് തന്ത്രിയുടെ അറസ്റ്റ് ഉണ്ടായതെന്നും സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാട് പറഞ്ഞു.
അനുജ്ഞ രേഖാമൂലം നൽകണമെന്ന് ചട്ടമില്ലെന്നും ദേവസ്വം ബോർഡ് ആവശ്യപ്പെട്ടാൽ മാത്രം നൽകിയാൽ മതിയെന്നുമാണ് സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാടിൻ്റെ പക്ഷം. മറ്റ് ചില പേരുകൾ ഉയർന്നപ്പോഴാണ് തന്ത്രിയുടെ അറസ്റ്റ് ഉണ്ടായത്. തന്ത്രിയുടെ അറസ്റ്റിന് ശേഷം ആ പേരുകൾ മാധ്യമങ്ങളിൽ കാണുന്നില്ല. അത്തരം പേരുകൾ ഒഴിവാക്കാനാണോ തന്ത്രിയുടെ അറസ്റ്റ് എന്നും താന്ത്രിസമാജം സംശയിക്കുന്നതായും സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാട് കൂട്ടിച്ചേർത്തു.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കണ്ഠരര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടില്‍ എസ്‌ഐടി പരിശോധന നടത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം, സാമ്പത്തിക ഇടപാടുകള്‍ എന്നിവയില്‍ എസ്‌ഐടിക്ക് തെളിവുകള്‍ ലഭിച്ചിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് വീട്ടിലെത്തി പരിശോധന നടത്തുന്നത്.
ഇന്ന് രാവിലെയോടെയാണ് എസ്‌ഐടി സംഘം ചെങ്ങന്നൂരിലെ താഴ്മണ്‍ മഠത്തിലെത്തി പരിശോധന ആരംഭിച്ചത്. എസ്‌ഐടിയുടെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.
അയ്യപ്പന്റെ വാഹനമായി കരുതപ്പെടുന്ന തിരുവാചി അടക്കമുള്ള കാര്യങ്ങള്‍ തന്ത്രി കണ്ഠരര് രാജീവരുടെ കൈവശമായിരുന്നു ഏറെക്കാലം ഉണ്ടായിരുന്നത്. അത് പിന്നീട് തിരിച്ചേല്‍പ്പിച്ചുവെന്നാണ് തന്ത്രി പറഞ്ഞത്. സമാനമായി ശബരിമലയുമായി ബന്ധപ്പെട്ട എന്തെങ്കിലും വസ്തുക്കളോ രേഖകളോ വീട്ടില്‍ ഉണ്ടോ എന്നതടക്കം എസ്‌ഐടി പരിശോധിക്കും.
ഇന്ന് രാവിലെ കണ്ഠരര് രാജീവരിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയിരുന്നത്. ഇവിടെ നിന്ന് ഇസിജി അടക്കമുള്ള പരിശോധനകള്‍ നടത്തുകയും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഡ്രോപ് ടെസ്റ്റ് നടത്തുന്നതിനായാണ് തന്ത്രിയെ ഇതിന് ശേഷം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. തന്ത്രി ആശുപത്രിയില്‍ തുടരുകയാണ്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് എസ്‌ഐടി തന്ത്രിയെ അറസ്റ്റ് ചെയ്തത്.