

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ കേന്ദ്ര വിരുദ്ധ സമരത്തില്‍ നിന്ന് ജോസ് കെ. മാണി വിട്ടുനിന്നത് എല്‍ഡിഎഫുമായുള്ള ബന്ധം ഉലയുന്നതുകൊണ്ടാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ പങ്കെടുക്കാതെ വിട്ടു നിന്നെന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം പങ്കെടുക്കാതിരുന്നത് കേരളത്തിന് പുറത്ത് യാത്രയിലായിരുന്നതിനാലാണെന്നും ജോസ് കെ. മാണിയുടെ ഓഫീസ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പങ്കെടുക്കാന്‍ സാധിക്കുകയില്ലെന്ന കാര്യം നേരത്തെ തന്നെ എല്‍ഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. റോഷി അഗസ്റ്റിനും ചീഫ് വിപ്പ് എന്‍ ജയരാജുമടക്കം പാര്‍ട്ടിയുടെ എംഎല്‍എമാരും സമരപരിപാടിയില്‍ പങ്കെടുത്തിരുന്നു. വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിനു പിന്നില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ സമൂഹമാധ്യമത്തില്‍ കരിവാരിത്തേക്കുകയെന്ന അജണ്ടയെന്നും ജോസ് കെ മാണിയുടെ ഓഫീസ് കുറിപ്പില്‍ പറയുന്നു.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ വെച്ച് നടന്ന കേന്ദ്ര വിരുദ്ധ സമരത്തിലാണ് ജോസ് കെ. മാണി പങ്കെടുക്കാതിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് കൂടി വരുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സമരത്തില്‍ പങ്കെടുക്കാതിരുന്നതും ചര്‍ച്ചയായത്. കേരള കോണ്‍ഗ്രസിനെ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ യുഡിഎഫിലേക്ക് തിരിച്ചു വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് കേരള കോണ്‍ഗ്രസ് പറഞ്ഞത്.