തൃശൂർ ചാവക്കാട് മുനക്കടവിൽ കടൽക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ വനിത മാധ്യമ പ്രവർത്തകയെ കയ്യേറ്റം ചെയ്യാൻ ശ്രമം. പ്രാദേശിക മാധ്യമപ്രവർത്തക കെ.എസ് പാർവ്വതിക്കെതിയെയായിരുന്നു കയ്യേറ്റ ശ്രമം. വൈകീട്ട് 5 മണിയോടെ മുനക്കക്കടവ് ഇഖ്ബാൽ നഗറിനടുത്ത് കടൽ തീരത്ത് വെച്ചായിരുന്നു സംഭവം.
കടൽ ക്ഷോഭ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാർവതി കടൽക്ഷോഭ ദൃശ്യം പകർത്താൻ ശ്രമിക്കുന്നതിനിടെ പ്രദേശവാസികളായ പടിഞ്ഞാറെ പുരക്കൽ റാഫി, പോക്കാക്കില്ലത്ത് ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം തടയുകയായിരുന്നു. കടൽക്ഷോഭത്തിൻ്റെ ദൃശ്യം പകർത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ സംഘം പാർവ്വതിയുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു.
വിവരമറിഞ്ഞ് ചാവക്കാട് ഇൻസ്പെക്ടർ വി.വി. വിമലിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് കടൽ ക്ഷോഭത്തിന്റെ ദൃശ്യം പകർത്താനായത്. സംഭവത്തിൽ പാർവതി ചാവക്കാട് പൊലീസിൽ പരാതി നൽകി.