കൊച്ചി: അമ്മ ഭരണസമിതി അംഗങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ജോയ് മാത്യു. സംഘടനയ്ക്ക് അകത്തും പ്രശ്നമുണ്ടെന്നും സംഘടന നടത്തിക്കൊണ്ട് പോകാൻ ബന്ധപ്പെട്ടവർക്ക് അറിയില്ലെന്നും ജോയ് മാത്യു വ്യക്തമാക്കി. ഞാനുൾപ്പെടെയുള്ള കമ്മിറ്റിക്ക് പിടിപ്പുകേട് സംഭവിച്ചെന്നും ന്യൂനപക്ഷം ശരി പറഞ്ഞാലും അംഗീകരിക്കപ്പെടുന്നില്ലെന്നും ജോയ് മാത്യു പറഞ്ഞു.
അധികാരക്കൊതിയും പടലപ്പിണക്കങ്ങളും ഉള്ള സംഘമാണ് ഇപ്പോൾ ഉള്ളത്. സ്ത്രീകൾ വന്നത് കൊണ്ട് മാത്രം എല്ലാം ശരിയാവില്ലെന്നും ജോയ് മാത്യു ചൂണ്ടിക്കാട്ടി. അമ്മയിലെ പലരും കോമാളി കൂട്ടങ്ങൾ ആയി മാറിയെന്നും സംഘടനയുടെ അന്തസ് പോയെന്നും ജോയ് മാത്യു വ്യക്തമാക്കി.
അമ്മ പ്രസിഡൻ്റായിരുന്ന ശ്വേത മേനോനെ കൂട്ടമായി ആക്രമിച്ചു. അപ്പോഴുണ്ടായ വൈകാരിക പ്രകടനമെന്നോളമാണ് രാജി പ്രഖ്യാപിച്ചത്. മോഹൻലാൽ നയിച്ചതിലും ഇന്നസെൻ്റ് നയിച്ചതിലും ശ്വേത നയിക്കുന്നതിലും എല്ലാം വ്യത്യാസമുണ്ട്. മോഹൻലാൽ എല്ലാവരെയും കേൾക്കും, എന്നാൽ ഇപ്പോൾ ആരെയും കേൾക്കാൻ തയ്യാർ അല്ലെന്നതാണ് പ്രധാന പ്രശ്നമെന്നും ജോയ് മാത്യു ചൂണ്ടിക്കാട്ടി.
അൻസിബയും ലക്ഷ്മിപ്രിയയും തമ്മിൽ കുടിപ്പകയാണ്. അൻസിബയെ ടാർഗറ്റ് ചെയ്യുന്നതായി തോന്നുന്നില്ലെന്നും ടിനി ടോം അങ്ങനെ പറയുമെന്ന് ഞാൻ കരുതുന്നില്ലെന്നും ജോയ് മാത്യു പറഞ്ഞു. അമ്മയിൽ നിന്നും രാജി വച്ചില്ലെന്നും ഭാരവാഹിത്വത്തിൽ നിന്നും മാത്രമാണ് രാജി വയ്ക്കുന്നതെന്നും ജോയ് മാത്യു വ്യക്തമാക്കി. അമ്മയിൽ ഇനിയും രാജി പ്രതീക്ഷിക്കുന്നു. സംഘടനയിൽ ഉടൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും ജോയ് മാത്യു ആവശ്യപ്പെട്ടു.