കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബു. തീരുമാനം കെപിസിസി നേതൃത്വത്തെ അറിയിച്ചെന്നും ബാബു വ്യക്തമാക്കി. മത്സരത്തിന് ഇല്ലെന്ന് അറിയിച്ചതോടെ രാജു പി. നായർ, സൗമിനി ജെയിൻ, രമേശ് പിഷാരടി, ആൻ്റണി ആശാൻ പറമ്പിൽ, തമ്പി സുബ്രമണ്യം എന്നിവരെയാണ് സ്ഥാനാർഥികളായി യുഡിഎഫ് പരിഗണിക്കുന്നത്.
ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എൽഡിഎഫിലും സ്ഥാനാർഥി സാധ്യത ചർച്ചകൾ നടക്കുന്നുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹൻ, കൊച്ചി മുൻ മേയർ എം. അനിൽ കുമാർ എന്നിവരെയാണ് എൽഡിഎഫ് പരിഗണിക്കുന്നത്.
2021ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയാണ് കെ. ബാബു നിയമസഭയിലേക്ക് എത്തിയത്. 992 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു ബാബുവിൻ്റെ വിജയം. ബാബുവിൻ്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സ്വരാജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് വീടുകളിൽ വിതരണം ചെയ്ത വോട്ടേഴ്സ് സ്ലിപ്പിനൊപ്പം അയ്യപ്പൻ്റെ ചിത്രം ഉപയോഗിച്ചുവെന്നായിരുന്നു സ്വരാജിൻ്റെ വാദം. എന്നാൽ ഹൈക്കോടതി ഹർജി തള്ളുകയാണ് ഉണ്ടായത്. ഇതോടെ സ്വരാജ് സുപ്രീം കോടതിയിൽ ഹർജി നൽകി. കഴിഞ്ഞ വർഷം നവംബർ 17ന് സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീൽ സ്വരാജ് പിൻവലിക്കുകയും ചെയ്തിരുന്നു.