"സിപിഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നേതൃത്വം വിലക്കി"; വൈകാരിക കുറിപ്പുമായി കെ. ഇ. ഇസ്മയിൽ

നേതൃത്വത്തിൻ്റെ വിലക്കിൽ ദുഃഖമുണ്ടെന്നും, അത്രമേൽ വേദനപ്പിക്കുന്ന ഒന്നാണ് ഇതെന്നും കെ.ഇ. ഇസ്മയിൽ ഫേസ്ബുക്കിൽ കുറിച്ചു.
K E Esmail
കെ.ഇ. ഇസ്മയിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്Source: Facebook
Published on

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നേതൃത്വം വിലക്കിയെന്ന് പറഞ്ഞുകൊണ്ട് വൈകാരിക പോസ്റ്റ് പങ്കുവച്ച് സിപിഐ നേതാവ് കെ.ഇ. ഇസ്മയിൽ.

നേതൃത്വത്തിൻ്റെ വിലക്കിൽ ദുഃഖമുണ്ടെന്നും, അത്രമേൽ വേദനപ്പിക്കുന്ന ഒന്നാണ് ഇതെന്നും കെ.ഇ. ഇസ്മയിൽ ഫേസ്ബുക്കിൽ കുറിച്ചു. പ്രാഥമിക മെമ്പറായ എന്നിൽ എന്ത് കുറ്റമാണ് കണ്ടുപിടിച്ചതെന്നും, ഇപ്പോൾ ഞാൻ ഒന്നും പറയുന്നില്ലെന്നും, പറയാനുള്ളത് പിന്നീട് ഞാൻ പറയുമെന്നും ഇസ്മയിൽ കുറിപ്പിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

പാർട്ടിയുടെ സംസ്ഥാന സമ്മേളനം 10,11,12 തീയതികളിൽ ആലപ്പുഴ വെച്ച് നടക്കുന്നു. പാർട്ടിയിൽ ഞാൻ ഒരു ജീവിതകാലം മുഴുവൻ പ്രവർത്തിച്ചു . ഈ സമ്മേളനത്തിൽ ഞാൻ പങ്കെടുക്കാൻ പാടില്ലത്രേ? നേതൃത്വത്തിന്റെ വിലക്ക്.

ദുഃഖമുണ്ട്. അത്രമേൽ വേദന..

അച്യുതമേനോനും, എം. എനും, S. കുമാരനും, N E ബാലറാമും, P K V യും വെളിയവും നേതൃത്വമായി പ്രവർത്തിച്ച കാലത്ത് അവരോടൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ച ഒരെളിയ പ്രവർത്തകനാണ് ഞാൻ. അവരുടെയൊക്കെ കാലത്തു എന്നെ ഏല്പിച്ച ചുമതലകൾ സ്തുത്യർഹമായി നിർവഹിച്ച അനുഭവം എന്റെ ഓർമയിൽ നിറഞ്ഞുനിൽക്കുന്നു.

പ്രായത്തിന്റെ പേരിലാണ് 2022 ഹൈദ്രബാദ് പാർട്ടി കോൺഗ്രസിൽ 75 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കുന്നത്. അങ്ങിനെ 2022 മുതൽ ഒരു പ്രാഥമിക മെമ്പറാണ് ഞാൻ.

പ്രാഥമിക മെമ്പറായ എന്നിൽ എന്ത് കുറ്റമാണ് നേതൃത്വം കണ്ടുപിടിച്ചത് ..

ഇപ്പോൾ ഞാൻ ഒന്നും പറയുന്നില്ല.

എനിക്ക് പറയാനുള്ളത് പിന്നീട് ഞാൻ പറയും..

സമ്മേളനം ഭംഗിയായി നടക്കട്ടെ, ഗംഭീര വിജയമാകട്ടെ, എല്ലാ ആശംസകളും നേരുന്നു..

ഞാൻ ഒരു കമ്മ്യൂണിസ്റ് ആയിരിക്കും. അത് ജീവിതവസാനം വരെയും...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com