തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക കണക്കുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. അയ്യപ്പ സംഗമത്തിലെ കണക്ക് തയ്യാറാക്കിയതിൽ വീഴ്ച പറ്റിയിട്ടുണ്ട്. സമയബന്ധിതമായി റിപ്പോർട്ടിലെ തെറ്റുകൾ തിരുത്തേണ്ടതായിരുന്നു. ഓഡിറ്റർക്ക് കൃത്യസമയത്ത് മറുപടി നൽകാത്തതിൽ വീഴ്ചപറ്റിയിട്ടുണ്ടെന്നും കെ. ജയകുമാർ പറഞ്ഞു.
ഈമാസം 26ന് മുമ്പ് പിഴവ് തിരുത്തി ഹൈക്കോടതിക്ക് കണക്ക് കൈമാറും. പിശകുകൾ പരിഹരിക്കാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. 4.99 കോടി മാത്രമേ തരാൻ പറ്റൂ എന്ന് ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയെ അറിയിക്കുമെന്നും ഓഡിറ്റ് റിപ്പോർട്ട് അന്തിമമല്ലെന്നും കെ. ജയകുമാർ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് ഇന്ന് മാത്രമാണ് വിശദമായി പരിശോധിച്ചത്. സമയപരിധി പാലിക്കാനായി റിപ്പോർട്ട് അതേപടി നൽകുയായിരുന്നു. റിപ്പോർട്ട് അന്തിമമല്ല. ചില സംശയങ്ങൾ സാധാരണ ചോദിക്കുകയും മറുപടി നൽകുകയും ചെയ്താൽ മാത്രമേ അന്തിമമാകൂ. ഇത് ഓഡിറ്ററുടെ കുഴപ്പമല്ല. സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാത്തത് കൊണ്ടാണ് വീഴ്ചയുണ്ടായത്. ഇക്കാര്യത്തിൽ 26ന് മുമ്പ് വ്യക്തത വരുത്തും. യുദ്ധകാലാടിസ്ഥാനത്തിൽ പ്രശ്നം പരിഹരിക്കും. ഇപ്പോർ പുറത്തുവന്ന റിപ്പോർട്ട് അന്തിമമല്ലെന്നും കെ. ജയകുമാർ കൂട്ടിച്ചേർത്തു. ഇതിനായി ടാക്സ് ഫോഴ്‌സ് രൂപീകരിച്ചു. വ്യക്തയുണ്ടാക്കിയ ശേഷം റിപ്പോർട്ട് ഹൈക്കോടതിക്ക് നൽകുമെന്നും ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ഭക്ഷണം കഴിച്ച കാര്യത്തിലായാലും നന്ദഗോവിന്ദൻ ഭജൻസിൻ്റെ കാര്യത്തിലായാലും വീഴ്ച വന്നു. എല്ലാ ക്ലെയിംസും അംഗീകരിക്കാൻ കഴിയില്ല. 4.99 കോടിയായി ചെലവ് നിജപ്പെടുത്തും. അദാനിയുടെ 3.85 കോടി സ്പോൺസർഷിപ്പ് കിട്ടും. ബോർഡ് പണം എടുക്കില്ല. പല സ്പോൺസർമാരും നേരത്തെ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവരെ സമീപിക്കും. 7 കോടിയാണ് ഊരാലുങ്കൽ ആവശ്യപ്പെടുന്നത്. ഊരാലുങ്കൽ ഉപകരാർ നൽകിയാൽ തെറ്റില്ല. അതിൻ്റെ ബില്ലുകൾ വരട്ടെയെന്നും വിലയിരുത്തട്ടെയെന്നും ജയകുമാർ പറഞ്ഞു.