മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ച് കെ. കെ . രമ എംഎൽഎ. തന്റെ പങ്കാളിയും ആർഎംപി നേതാവുമായിരുന്ന ടി. പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ വിഎസ് വീട്ടിലെത്തി ആശ്വസിപ്പിച്ച സംഭവം പരാമർശിച്ചായിരുന്നു കെ. കെ. രമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
" പ്രാണനിൽ പടർന്ന ഇരുട്ടിൽ,
നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിൻ്റെ
കരസ്പർശമായിരുന്ന
പ്രിയ സഖാവ്..
അന്ത്യാഭിവാദ്യങ്ങൾ.."
എന്നായിരുന്നു കെ.കെ. രമ ഫെയ്സ്ബുക്കിൽ കുറിച്ചത്.
സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയ ടി.പി. ചന്ദ്രശേഖരൻ വധത്തിൽ വിഎസ് സ്വീകരിച്ച നിലപാട് രാഷ്ട്രീയ കേരളം ഏറെ ചർച്ചയാക്കി. അന്ന് ടിപിയുടെ വീട്ടിലെത്തിയാണ് വിഎസ് അദ്ദേഹത്തിന്റെ ഭാര്യ കെ.കെ. രമയെ ആശ്വസിപ്പിച്ചത്. പാർട്ടി കുലം കുത്തി എന്ന് വിശേഷിപ്പിച്ച ചന്ദ്രശേഖരനെ ധീരനായ കമ്യൂണിസ്റ്റ് എന്നാണ് വി എസ് വിശേഷിപ്പിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ നിര്യാതനായത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം.