

സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ ഇഡി കണ്ടെത്തലുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഇഡി പറയുന്നത് അതേപടി വിഴുങ്ങില്ലെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ഇഡി ശുപാര്‍ശയില്‍ സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു. നിയമോപദേശം തേടിയ ശേഷമാകും തുടർനടപടി. ഇഡി പറയുന്നത് അതേപടി വിഴുങ്ങുന്നവരല്ല തങ്ങൾ. കൂടുതൽ തെളിവുകൾ പുറത്തു വരട്ടെ. തിടുക്കപ്പെടേണ്ട കാര്യമില്ല. മുഹമ്മദ് റിയാസിനെതിരെ പാര പണിയുന്നത് അദ്ദേഹത്തിന്റെ പാർട്ടിയാണ്. പിണറായി വിജയനുശേഷം റിയാസ് വരാതിരിക്കാൻ ഉള്ള തിരക്കഥയാണ്. അതില്‍ കോൺഗ്രസിനും യുഡിഎഫിനും പങ്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
ഇഡി ശുപാര്‍ശയില്‍ സര്‍ക്കാര്‍ നിയമവശങ്ങള്‍ പരിഗണിക്കുകയാണെന്നായിരുന്നു മന്ത്രി സണ്ണി ജോസഫിന്റെ പ്രതികരണം. ഇഡി ആഭ്യന്തര വകുപ്പിന് കൈമാറിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അത് പുറത്ത് അറിയുന്നതില്‍ എന്താണ് പ്രശ്നം. ഇഡി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് പറയാനാവില്ല. കൃത്യമായ രേഖകള്‍ തന്നെയാണ് പുറത്തുവന്നത്. രാഷ്ട്രീയവശങ്ങളല്ല, നിയമവശങ്ങളാണ് പരിശോധിക്കേണ്ടത്. നിയമവശം പരിഗണിച്ചാകും കേസ് എടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും മന്ത്രി സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു..
അതേസമയം, സാങ്കേതികമായി 100 ശതമാനം തെളിയിക്കപ്പെട്ട കേസാണെന്ന് സന്ദീപ് വാര്യര്‍ എംഎല്‍എ പ്രതികരിച്ചു. ഇഡി അന്വേഷണത്തില്‍ പണം കൈമാറ്റം നടന്നതായി കണ്ടെത്തി എന്നാണ് മനസ്സിലാക്കുന്നത്. ഒരാൾ നേരിട്ട് വാങ്ങിയില്ലെങ്കിലും, മറ്റൊരാൾ ഉപയോഗിച്ചു വാങ്ങിയാലും അത് കൈക്കൂലിയാണ്. ഇപ്പോൾ നടക്കുന്നത് അഭ്യാസമാണ്. ഒന്നും സംഭവിച്ചിട്ടില്ല എന്ന് പാർട്ടിയിൽ ഉള്ളവരെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. രേഖ മാത്രം ആയിരുന്നുവെങ്കില്‍ അത്തരം വാദത്തിൽ പിടിച്ചുനില്‍ക്കാമായിരുന്നു. ഇടപാടുകളുടെ ബാങ്ക് രേഖകളും തെളിവുകളും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു എന്നാണ് മനസ്സിലാക്കുന്നത്.
നിയമപരമായ പരിശോധനകള്‍ക്കുശേഷമാകും സര്‍ക്കാര്‍ നടപടി കൈക്കൊള്ളുക. രാഷ്ട്രീയ വേട്ടയാടൽ എന്ന ആരോപണം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇഡിയെ ബിജെപി രാഷ്ട്രീയ വേട്ടയാടലുകൾക്ക് ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, ഇത് നേരിട്ടു വന്ന ഇഡി കേസ് അല്ല. ആദ്യം ഇന്‍കം ടാക്സ് പരിശോധന നടത്തിയിരുന്നു. തെളിവുകള്‍ പുറത്തുവരുമ്പോള്‍ അന്വേഷണം ഉണ്ടാവുക സ്വഭാവികമാണെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു