എറണാകുളം: തനിക്കെതിരായ സൈബർ ആക്രമണത്തിന്റെ ഉറവിടം പറവൂരാണെന്ന് കെ. എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞ ബോംബ് ഇതാണോ എന്നും എംഎൽഎ ചോദിച്ചു. സൈബർ ആക്രമണത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും, ഉച്ചയ്ക്ക് മുൻപായി ഡിവൈഎസ്‌പിയുടെ മുന്നിലെത്തി മൊഴി നൽകുമെന്നും എംഎൽഎ ന്യൂസ് മലയാളത്തോട് പറഞ്ഞു.
അപവാദ പ്രചരണത്തിനു പിന്നിൽ സിപിഐഎം അല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് കെ.എൻ. ഉണ്ണികൃഷ്ണൻ. മുമ്പ് പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോൾ എല്ലാം പരിഹരിച്ചു. ഇന്ന് പാർട്ടി ഒറ്റക്കെട്ടാണ്. എറണാകുളം ജില്ലയിൽ പോലും പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളില്ല. അപവാദ പ്രചരണത്തിൽ എസ്. ശർമയ്ക്ക് പങ്കുണ്ടെന്നത് തെറ്റായ പ്രചരണമാണെന്നും, എസ് ശർമയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കരുതെന്നും എംഎൽഎ പറഞ്ഞു.
അപവാദങ്ങൾക്ക് പിന്നിൽ സിപിഐഎമ്മാണെന്ന ആരോപണവുമായി കെപിസിസി രംഗത്തെത്തിയിരുന്നു. ലൈംഗിക അപവാദ കഥകൾ രാഷ്ട്രീയ ആയുധമാക്കുന്ന ശീലമുള്ള പാർട്ടിയാണ് സിപിഐഎം എന്നായിരുന്നു കെപിസിസി ഡിജിറ്റൽ മീഡിയയുടെ ഫേസ്ബുക്ക് പോസ്റ്റ്.സിപിഐഎം എംഎൽഎയെ കുറിച്ച് ഇപ്പോൾ ഉയർന്ന ആരോപണത്തിന്റെ പിന്നിൽ ആരെന്ന് അന്വേഷിക്കണമെന്നും പോസ്റ്റിൽ പറയുന്നു.
അതേസമയം കെ.ജെ. ഷൈൻ അപവാദ പ്രചരണകേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനൊരുങ്ങുകയാണ് പൊലീസ്. അറസ്റ്റും ഇന്ന് തന്നെയുണ്ടാകുമെന്നാണ് സൂചന. ഷൈനിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യൂട്യൂബ് ചാനൽ, വെബ് പോർട്ടലുകൾ എന്നിവയെയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്. കെ.എം. ഷാജഹാന്റെ 'പ്രതിപക്ഷം' യൂട്യൂബ് ചാനലും പ്രതി പട്ടികയിലുണ്ട്. റൂറൽ സൈബർ പൊലീസ് എസ്എച്ച്ഒ കേസ് അന്വേഷിക്കും.