
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കായി സർക്കാർ മാതൃകാ ടൗണ്‍ഷിപ്പില്‍ നിർമിച്ച വീടിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചരണം നടക്കുന്നുവെന്ന് മന്ത്രി കെ. രാജൻ. പൊതുസമൂഹത്തിൽ പറയാൻ പാടില്ലാത്ത ആരോപണങ്ങളാണ് ഉണ്ടായത്. വീട് നേരിട്ട് കണ്ട ആർക്കും സംശയമുണ്ടാകില്ലെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.
പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന ശേഷിയിലാണ് വീട് നിർമാണം. വീടിന് തറ ഇല്ല എന്ന ആരോപണം കേട്ടു. മൂന്ന് അടിയിലധികം താഴ്ചയിലേക്ക് കുഴിച്ചാണ് തറ നിർമിച്ചിരിക്കുന്നത്. 45 സെൻ്റി മീറ്റർ വീതിയിലാണ് ബെൽറ്റ് വർത്തത്. ഗ്യാരന്റിയുള്ള നിർമാണ സാമഗ്രികൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. അഞ്ച് വർഷത്തെ ഗ്യാരന്റിയോട് കൂടിയുള്ള വീടുകളാണ് നിർമിക്കുന്നത്, കെ. രാജൻ.
22 ലക്ഷം രൂപയ്ക്കാണ് യുഎൽസിസി വീട് നിർമാണമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. 15 ലക്ഷത്തിന് നിർമിച്ചു എന്ന് പറയുന്ന വീടിന്റെ സ്പോൺസേഴ്സ് തന്നെ പറഞ്ഞു അതിന്റെ ബഡ്ജറ്റ് 15 ലക്ഷം അല്ലെന്ന്. ഇത്തരത്തിലുള്ള തെറ്റായ പ്രചരണങ്ങൾ ലോകത്തിന് മുന്നിൽ കേരളത്തെ അപമാനിക്കാനുള്ള നീക്കമാണെന്നും, വി.ടി. ബൽറാം സോഷ്യൽ മീഡിയയിൽ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും മന്ത്രി കെ. രാജൻ കൂട്ടിച്ചേർത്തു.