അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ല, സതീശന്‍ നിലപാട് മയപ്പെടുത്തണമായിരുന്നു: കെ. സുധാകരൻ

അൻവർ യുഡിഎഫിലേക്ക് വരാൻ ഇപ്പോഴും തയ്യാറാണെങ്കിൽ വ്യക്തിപരമായി മുന്നണിയിലെത്തിക്കാൻ ശ്രമിക്കുമെന്നും സുധാകരൻ പറഞ്ഞു.
കെ. സുധാകരൻ
കെ. സുധാകരൻGoogle
Published on

യുഡിഎഫിലേക്കില്ലെന്ന പി.വി.അൻവറിൻ്റെ നിലപാടിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അതൃപ്തിയുമായി കെ. സുധാകരൻ എംപി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അൽപ്പം മയപ്പെടാമായിരുന്നെന്നാണ് സുധാകരൻ്റെ പക്ഷം. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഈ സാഹചര്യം ഉണ്ടാവുമായിരുന്നില്ലെന്നും അൻവറിന് മുന്നിൽ വാതിൽ അടഞ്ഞിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു.

അൻവറിന് മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കെ. മുരളീധരൻ്റെ പ്രസ്താവനയെ പിന്തുണച്ചായിരുന്നു കെ. സുധാകരൻ്റെയും പ്രസ്താവന. പി.വി. അൻവർ സ്വന്തം നിലയിൽ മത്സരിച്ചാലും ഇല്ലെങ്കിലും യുഡിഎഫിന് പ്രശ്നമില്ലെന്ന് കെ.സുധാകരൻ അഭിപ്രായപ്പെട്ടു. അൻവർ കൂടി ഉണ്ടായിരുന്നെങ്കിൽ യുഡിഎഫിൻ്റെ കരുത്ത് കൂടിയേനെ. അൻവർ യുഡിഎഫിലേക്ക് വരാൻ ഇപ്പോഴും തയ്യാറാണെങ്കിൽ സ്വാഗതം ചെയ്യുമെന്നും മുന്നണിയിലേക്കെത്തിക്കാൻ വ്യക്തിപരമായി ശ്രമിക്കുമെന്നും സുധാകരൻ പറഞ്ഞു.

അൻവറിന്റെ കാര്യത്തിൽ എടുത്തത് കൂട്ടായ തീരുമാനമാണെന്നും, അൻവർ ഈ രീതിയിൽ പ്രതികരിക്കുമെന്ന് കരുതിയില്ലെന്നുമായിരുന്നു കെ. മുരളീധരൻ്രെ പ്രസ്താവന. പ്രതിപക്ഷ നേതാവിനെക്കുറിച്ചും, സ്ഥാനാർഥിയെക്കുറിച്ചും അൻവർ പരാമർശിച്ചപ്പോൾ, അത് തിരുത്തി സ്ഥാനാർഥിയെ പിന്തുണക്കണം എന്നാവശ്യപ്പെട്ടിരുന്നു. അങ്ങനെ എങ്കിൽ അസോസിയേറ്റ് അംഗമാക്കാം എന്ന് ഉറപ്പും നൽകി. അൻവറിനെ ഒപ്പം ചേർക്കാൻ മനഃപ്പൂർവ്വം വെച്ച് താമസിച്ചിട്ടില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.

കെ. സുധാകരൻ
"അന്‍വര്‍ തീരുമാനം പുനഃപരിശോധിക്കണം; രാഷ്ട്രീയത്തില്‍ വികാരം കൊണ്ടിട്ട് കാര്യമില്ല, അത് ബോധ്യമുള്ള ആളാണ് ഞാന്‍"

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമായാണ് കാണുന്നതെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ്, തെരഞ്ഞെടുപ്പിൽ ഇനി മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. ഇതൊരു രാഷ്ട്രീയ പോരാട്ടമാണ് വ്യക്തികൾക്ക് എതിരെയുള്ള പോരാട്ടമല്ല. അൻവറിൽ മാത്രം കെട്ടി തിരിയുന്നതിൽ അർഥമില്ല. അൻവർ മത്സരിക്കുന്നില്ല എന്നത് നല്ല കാര്യം. അൻവർ ഉണ്ടെങ്കിലും ഇല്ലെങ്കിലും നിലമ്പൂർ ജയിച്ച പറ്റൂവെന്നും കെ. മുരളീധരൻ പറഞ്ഞു.

യുഡിഎഫിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞായിരുന്നു പി.വി. അൻവർ യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയത്. പിണറായിസത്തിനെതിരെ പോരാട്ടം നടത്തിയെത്തിയ തൻ്റെ രാഷ്ട്രീയത്തോടൊപ്പം യുഡിഎഫ് നിന്നില്ല. പിണറായിസം മാറ്റി നിർത്തി മറ്റ് ഗൂഢശക്തികളുടെ താത്പര്യം സംരക്ഷിച്ച് തന്നെ പരാജയപ്പെടുത്തുക എന്നതാണ് നിലവിലെ അവരുടെ ലക്ഷ്യമെന്നും പി.വി. അൻവർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com