തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാർ മാപ്പ് പറയണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പ് പറയുകയാണെങ്കിൽ ആദ്യം മുഖ്യമന്ത്രി തന്നെ മാപ്പ് പറഞ്ഞ് തുടങ്ങണമെന്ന് കെ. സുരേന്ദ്രൻ. ബിനീഷ് കോടിയേരിയും ഫേസ്ബുക്ക് പോസ്റ്റിൽ സമാന കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നു. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണത്.
കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണം.