

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയിട്ടുണ്ടെന്ന് കടകംപള്ളി സുരേന്ദ്രൻ സമ്മതിച്ചു. 2017ലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടത്. ഒരു കുട്ടിയുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാനാണ് പോയത് എന്നും കടകംപള്ളി പറഞ്ഞു.
ശബരിമല അയ്യപ്പസ്വാമിയുടെ ഭക്തൻ എന്ന നിലയിലാണ് പോറ്റിയെ പരിചയപ്പെട്ടതെന്ന് കടകംപള്ളി പറയുന്നു. ശബരിമല പോകുന്ന വഴിക്കാണ് പോറ്റിയുടെ വീട്ടിൽ കയറിയത്. ഇന്നത്തെ പോറ്റിയല്ല അന്നത്തെ പോറ്റി. പൊലീസ് അകമ്പടിയോടെയാണ് അന്ന് വീട്ടിൽ പോയത്. എന്താണ് ചടങ്ങ് എന്നത് കൃത്യമായി ഓർക്കുന്നില്ല. ഭക്ഷണം കഴിച്ചാണ് അവിടെ നിന്നും മടങ്ങിയതെന്നും കടകംപള്ളി പറഞ്ഞു.
ദേവസ്വം മന്ത്രിയെന്ന നിലയിലും വ്യക്തിപരമായും തനിക്ക് പോറ്റിയുമായുള്ള ബന്ധം അന്വേഷണ ഏജൻസിയോട് പറഞ്ഞിട്ടുണ്ടെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. 2016 ൽ മന്ത്രിയായ ശേഷമാണ് പോറ്റിയെ പരിചയപ്പെടുന്നത്. സന്നിധാനത്ത് പോകുമ്പോഴെല്ലാം പോറ്റിയെ കാണാറുണ്ട്. പോറ്റിയുമായി ആത്മബന്ധം ഇല്ലെന്നും തെറ്റായ നിലയിൽ പോറ്റിയെ കണ്ടിരുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.