
കൊച്ചി: നടന്‍ കലാഭവന്‍ നവാസിന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി 8.45ഓടെ താമസിച്ചിരുന്ന ലോഡ്ജില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്.
നവാസിന്റെ മൃതദേഹം ഇന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. രാവിലെ 8.30 ഓടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. ശേഷം ആലുവയിലെ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും. വൈകിട്ടോടെയാകും സംസ്കാരം.
വെള്ളിയാഴ്ച രാത്രിയോടെയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ നവാസിനെ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയത്. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ഹോട്ടല്‍ മുറിയില്‍ വിശ്രമിക്കാന്‍ എത്തിയതായിരുന്നു. ചെക്ക് ഔട്ട് സമയം കഴിഞ്ഞിട്ടും കാണാതായതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറിയില്‍ പോയി നോക്കിയപ്പോഴാണ് നിലത്ത് കുഴഞ്ഞുവീണ നിലയില്‍ കണ്ടത്. ഉടനെ തന്നെ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ അറിയിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രകമ്പനം സിനിമയുടെ ചിത്രീകരണത്തിനാണ് ഹോട്ടലില്‍ മുറിയെടുത്തത്.
മിമിക്രി ഷോകളിലൂടെയാണ് നവാസ് മലയാളികള്‍ക്ക് മുന്നിലെത്തുന്നത്. കലാഭവന്‍ മിമിക്രി ട്രൂപ്പില്‍ നിന്നാണ് തുടക്കം. സഹോദരന്‍ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട്. 1995ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് (1997), ജൂനിയര്‍ മാന്‍ഡ്രേക്ക് (1997), മാട്ടുപ്പെട്ടി മച്ചാന്‍ (1998), ചന്ദമാമ (1999), തില്ലാന തില്ലാന (2003) എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു. ഡിറ്റക്ടീവ് ഉജ്വലന്‍ ആയിരുന്നു അവസാന ചിത്രം.
നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് പിതാവ്. നടി രഹനയാണ് ഭാര്യ. പ്രശസ്ത ഹാസ്യ താരം നിയാസ് ബക്കര്‍ സഹോദരനാണ്. കലാഭവനിലൂടെയാണ് മിമിക്രിയില്‍ മുന്‍നിരയിലേക്ക് എത്തുന്നത്. പിന്നീട് സഹോദരന്‍ നിയാസ് ബക്കറിനൊപ്പം കൊച്ചിന്‍ ആര്‍ട്‌സിന്റെ ബാനറില്‍ മിമിക്രി ഷോകള്‍ അവതരിപ്പിച്ചു.