

കളമശേരി കൂട്ടബലാത്സംഗത്തില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷന്‍. കേസില്‍ കൃത്യമായ പൊലീസ് അന്വേഷണം ഉറപ്പാക്കും. അതിജീവിതയ്ക്ക് ആവശ്യമായ നിയമസഹായം നല്‍കും. ആവശ്യമെങ്കില്‍ കൗണ്‍സിലിങ്ങും നല്‍കുമെന്നും കമ്മീഷന്‍ അറിയിച്ചു.
സംസ്ഥാന വ്യാപകമായി സ്പാകൾ കേന്ദ്രീകരിച്ച് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്. വിദ്യാസമ്പന്നരായ യുവതികൾ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. കർശന പരിശോധനകൾക്ക് ശുപാർശ ചെയ്യുമെന്നും കമ്മീഷന്‍ പറഞ്ഞു. അതേസമയം, സിപിഐഎം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരായ ആരോപണം പരാതിയായി ലഭിച്ചിട്ടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകും. ഗുരുതര കുറ്റകൃത്യം ആദ്യം നടന്നെന്ന് തെളിയാതെ സ്വമേധയാ കേസെടുക്കാനാകില്ലെന്നും കമ്മീഷന്‍ പറഞ്ഞു.
കളമശേരി പീഡനക്കേസില്‍ ഇതുവരെ നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നില്‍ ഗുണ്ടകള്‍ ഉണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കുന്നുണ്ട് കൊച്ചി പൊലീസ് കമ്മീഷണ്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലാവാനുണ്ടെന്ന് അതിജീവിതയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് എത്തി മൊഴി എടുത്തിരുന്നു. രണ്ടു പേരുടെ കൂടി വിവരങ്ങള്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. പ്രതിയായ ശ്രീരാജിന്റെ ഭാര്യയും സഹോദരിയും കാണാൻ വന്നിരുന്നു. എന്നാല്‍, കേസിൽ നിന്ന് പിന്മാറാൻ അവശ്യപ്പെട്ടിട്ടില്ല. കേസുമായി മുന്നോട്ടു പോകും. തെറ്റിധാരണ പരത്തുന്ന വാർത്തകൾ കൊടുക്കരുത്. എംഡിഎംഎ ഉള്‍പ്പെടെ അകത്തേക്ക് പോയിട്ടുണ്ട്. ആന്തരികാവയങ്ങള്‍ പൊള്ളിയിട്ടുണ്ട്. മന്ത്രി അബ്ദുല്‍ ഗഫൂര്‍ ബന്ധപ്പെട്ടിരുന്നു. ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അതിജീവിതയുടെ ഭര്‍ത്താവ് പറഞ്ഞു.