വയനാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗമായിരുന്നെങ്കിലും കൽപ്പറ്റ നഗരസഭ തിരിച്ചുപിടിച്ചിരിക്കുകയാണ് എൽഡിഎഫ്. ചരിത്രം കുറിച്ചാണ് നഗരസഭാ ചെയർമാനായി പി. വിശ്വനാഥൻ സ്ഥാനമേറ്റത്. പണിയ സമുദായത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭാ ചെയർമാനായെങ്കിലും വീടെന്ന സ്വപ്നം വിശ്വനാഥന് ഇപ്പോഴും ബാക്കിയാണ്.
കൽപ്പറ്റ നഗരത്തിനോട് ചേർന്നുള്ള എടഗുനി കുരുന്തൻ ഉന്നതിയിലാണ് കൽപ്പറ്റയുടെ നഗരസഭാധ്യക്ഷനായ പി. വിശ്വനാഥൻ താമസിക്കുന്നത്. ഉന്നതി സ്ഥിതി ചെയ്യുന്ന വാർഡിൽ നിന്ന് ജനറൽ സീറ്റിൽ മത്സരിച്ച വിശ്വനാഥൻ വിജയിച്ചത് 196 വോട്ടിനാണ്. നഗരസഭാ ചെയർമാൻ സ്ഥാനം പട്ടികവർഗ സംവരണമായതോടെ വിശ്വനാഥൻ കൽപ്പറ്റയുടെ നാഥനായി.
പണിയ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന രാജ്യത്തെ ആദ്യ നഗരസഭാ ചെയർപേഴ്‌സൺ ആകാൻ കഴിഞ്ഞ സന്തോഷത്തിലാണ് വിശ്വനാഥൻ. ഉന്നതിയിലെ സന്തോഷത്തെ കുറിച്ച് പറയുമ്പോൾ വിശ്വനാഥന്റെ കണ്ണുകൾ നിറയും. പലരും വിളിച്ചു. ഒന്നും ചെയ്തു കൊടുത്തില്ലെങ്കിലും വേണ്ടില്ല, സന്തോഷമെന്നാണ് പ്രതികരണമെന്നാണ് വിശ്വനാഥൻ പറയുന്നത്.
ഗോത്ര ജനതയുടെ ജീവിത ശൈലിയിൽ മാറ്റം വരണമെന്നാണ് വിശ്വനാഥന്റെ അഭിപ്രായം. അപ്പോഴും വിശ്വനാഥന് ഒരു ദുഃഖം ബാക്കിയാണ്. സ്വന്തമായി ഒരു വീടില്ല. താൻ തന്നെ കൊതിക്കുന്നത് ഒരു വീടിനാണ്. ജയിച്ചപ്പോൾ ആളുകൾ പറഞ്ഞതും സ്വന്തമായ ഒരു വീട് ഉണ്ടാക്കണം എന്നാണെന്നും വിശ്വനാഥൻ പറയുന്നു.