കേരളത്തിലെ മുസ്ലീം മാപ്പിള സമുദായത്തിലെ ആദ്യ വനിതാ എംഎൽഎയാണ് കാനത്തിൽ ജമീല. 2021 ൽ സിപിഐമ്മിൽ നിന്ന് കൊയിലാണ്ടിയുടെ ജനപ്രതിനിധിയായി ജമീല സഭയിലെത്തുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിച്ച കാര്യമല്ല. അതിനും മുൻപ് കാൽ നൂറ്റാണ്ടോളം നാടിനും നാട്ടുകാർക്കുമൊപ്പം നടന്ന സ്ത്രീയുടെ രാഷ്ട്രീയ വിജയമായിരുന്നു അത്. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളിൽ ഉൾപ്പെടെ ജനങ്ങളുടെ പ്രിയപ്പെട്ട പ്രതിനിധിയായിരുന്നു ജമീല.
തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നിങ്ങനെ ത്രിതല പഞ്ചായത്തിന്റെ മൂന്ന് ഘട്ടങ്ങളിലും കാനത്തിൽ ജമീല ജനങ്ങളെ പ്രതിനിധീകരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍നിര നേതാവായിരുന്ന ടി.കെ.കെ. അബ്ദുള്ള എന്ന് പിതാവിന്റെ ജീവിതമായിരുന്നു ജമീലയുടെ രാഷ്ട്രീയത്തിന്റെ ആദ്യപാഠം. സ്കൂൾ പഠനകാലത്ത് എസ്എഫ്ഐയിലൂടെ ആദ്യ സ്ഥാനാർഥി അനുഭവം. വിവാഹിതയായെത്തിയ തലക്കുളത്തെ വീടും വീട്ടുകാരും നാട്ടുകാരും ജമീലയെന്ന നേതാവിനെ വളർത്താൻ കൂടെ നിന്നു. 1995-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പില്‍ തലക്കുളത്തൂരില്‍ നിന്ന് ആദ്യമായി ജനവിധി തേടിയ ജമീല അത്തവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി.
അതുവരെ നാട്ടുകാർ പരിചയിച്ചിട്ടില്ലാത്ത പ്രവർത്തനമാണ് ജമീല നടത്തിയത്. ഗ്രാമസഭകളും. അയൽക്കൂട്ടങ്ങവും മുതൽ വികസന സെമിനാറുകൾ വരെ അക്കാലത്ത് തലക്കുളത്തൂരിലെ ജനങ്ങൾ കണ്ടറിഞ്ഞു. അവർ ചർച്ച ചെയ്തു. കുടിനീരിനായി കാത്തിരുന്ന ജനങ്ങൾക്ക് കുടിവെള്ളം എത്തിച്ചതു മുതൽ മണ്ണെണ്ണവിളക്ക് നാട്ടിയിരുന്ന നാട്ടിൽ വൈദ്യുതിയും, പിറകേ അടിസ്ഥാന സൗകര്യങ്ങളും, വികസന പദ്ധതികളുമൊക്കെയായി നാടിനെയും നാട്ടുകാരേയും കണ്ടറിഞ്ഞായിരുന്നു ജമീലയുടെ രാഷ്ട്രീയ ജീവിതം. 2021 ൽ കൊയിലാണ്ടിയിൽ നിന്ന് നിയമസഭയിലേക്ക് ജനവിധിതേടുമ്പോൾ ജനങ്ങൾ പ്രിയപ്പെട്ട വനിതാനേതാവിന് ഒപ്പം നിന്നു.
1997-ലാണ് ജമീലയ്ക്ക് പാർട്ടിം അംഗത്വം ലഭിക്കുന്നത്. അക്കാലത്ത് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് സ്ഥാനവും അവർ വഹിച്ചു. 2005-ലാണ് ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. 2010-ല്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. വൃക്കരോഗികളുടെ പരിപാലനത്തിനും ചികിത്സയ്ക്കുമായുള്ള സ്‌നേഹസ്പര്‍ശം പദ്ധതിയിലൂടെ ജമീല നാടിനേയും നാട്ടുകാരേയും കൂടുതൽചേർത്തുപിടിച്ചു. 2020-ല്‍ രണ്ടാം തവണയും കാനത്തില്‍ ജമീലയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഏല്‍പ്പിക്കാന്‍ പാര്‍ട്ടി രണ്ടാമതൊന്ന് ആലോചിച്ചതേയില്ല.
കാൽനൂറ്റാണ്ട് കടന്ന അനുഭവസമ്പത്തും, രാഷ്ട്രീയ പരിചയവും കണ്ടറിഞ്ഞാണ് പാർട്ടി ആ തീരുമാനമെടുത്തത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കൊയിലാണ്ടിയെ നയിക്കാൻ ജമീലയെന്ന കരുത്തുറ്റ നേതാവിനെ സിപിഐഎം മുന്നിൽനിർത്തി. തദ്ദേശത്തിൽ തുടങ്ങിയ തേരോട്ടം ജമീല നിയമസഭയിലും ആവർത്തിച്ചു. 15 വര്‍ഷത്തോളം സിപിഐഎം തുടര്‍ച്ചയായി വിജയിച്ചിരുന്ന മണ്ഡലം കാത്തുസൂക്ഷിക്കുകയെന്ന പാർട്ടി ഏൽപ്പിച്ച ദൗത്യം ജമീല വിജയകരമായി പൂർത്തിയാക്കി.
തട്ടം വിവാദവും, പുരോഗമന കാഴ്ചപ്പാടുകളും, ക്ഷേത്ര സന്ദർശവുമെല്ലാം വിമർശനങ്ങളാക്കി എതിരാളികൾ ആഞ്ഞടിച്ചപ്പോൾ കരുത്തോടെ നേരിട്ട ജമീലയ്ക്ക് പിന്നിൽ നാടും നാട്ടുകാരും ഉറച്ചുനിന്നു. തദ്ദേശത്തിനേക്കാൾ കൂടുതൽ മികവോടെ മികച്ച സമാജികയായി അവർ പ്രവർത്തിച്ചു. ജനങ്ങൾക്കൊപ്പം ജീവിച്ചു. അർബുദബാധിതയായി ചികിത്സയിൽ ഇരുന്നപ്പോഴും അവർ ജനപ്രതിനിധിയെന്ന തന്റെ കർത്തവ്യം മറന്നിരുന്നില്ല. 59 - ാം വയസിൽ കാനത്തിൽ ജമീലയെന്ന കരുത്തയായ സിപിഐഎം നേതാവ് വിടപറയുമ്പോൾ ജനങ്ങൾക്ക് നഷ്ടപ്പെടുന്നത് അവരുടെ മനസറിഞ്ഞ ജനപ്രതിനിധിയെകൂടിയാണ്.