കണ്ണൂർ: കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കെ. സി. വിജയൻ രാജിവെച്ചു. രാജി കെ പി സി സി പ്രസിഡൻ്റ് അംഗീകരിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റിനെതിരായ വിജയൻ്റെ ശബ്ദ സന്ദേശം വിവാദമായിരുന്നു. ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ ഫണ്ട് തട്ടിപ്പ് നടത്തി എന്നായിരുന്നു ശബ്ദ സന്ദേശം.
കഴിഞ്ഞ ദിവസമായിരുന്നു വയനാട് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഓഡിയോ വിവാദമുണ്ടായത്. നേതാക്കൾ ഫണ്ട് തട്ടിപ്പ് നടത്തിയെന്നും, പിരിച്ച പണത്തിൻ്റെ കണക്ക് അറിയാമെന്നുമാണ് ഓഡിയോ സന്ദേശത്തിൽ കെ.സി. വിജയൻ പറയുന്നത്. കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റിയുടെ വാട്സ്ആപ് ഗ്രൂപ്പിലാണ് കെ.സി. വിജയൻ്റെ ശബ്ദ സന്ദേശം പുറത്തുവന്നത്.
വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയാണ് വിജിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആയത്. കള്ളവോട്ട് വാങ്ങി ജില്ലാ പ്രസിഡണ്ടായി ചമഞ്ഞു നടക്കുന്നു. നിൻ്റെ മുകളിലുള്ള നേതാവും അങ്ങനെ തന്നെയാണെന്നും വിജയൻ വിജിലിനോട് പറയുന്നതാണ് ശബ്ദ സന്ദേശത്തിലുള്ളത്.