
കണ്ണൂര്‍: കുറ്റിയാട്ടൂരില്‍ യുവതിയെ തീ കൊളുത്തിക്കൊന്ന സുഹൃത്തും മരിച്ചു. പെരുവളത്തുപറമ്പ് സ്വദേശി ജിജേഷാണ് മരിച്ചത്. ജിജേഷ് തീകൊളുത്തിയ പ്രവീണ ചികിത്സയിലിരിക്കെ ഓഗസ്റ്റ് 21നാണ് മരിച്ചത്.
ഓഗസ്റ്റ് 20ന് ഉച്ചയോടെയാണ് സുഹൃത്തായ ജിജേഷ് പ്രവീണയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. യുവതിയുടെ വീട്ടിലെത്തിയാണ് ജിജേഷ് തീകൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് യുവതി മരിച്ചത്.
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഇരുവരും തമ്മില്‍ ഏറെ നാളായി സൗഹൃദത്തിലായിരുന്നു. ഇതിന് പിന്നാലെയുണ്ടായ പ്രശ്‌നങ്ങളാവാം ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.