കണ്ണൂർ: യുട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്ക് വക്കീൽ നോട്ടീസ് അയച്ച് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി. പി. ദിവ്യ. സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണത്തെ തുടർന്നാണ് ദിവ്യ അഡ്വ. കെ വിശ്വൻ മുഖേനയാണ് നോട്ടീസ് അയച്ചത്. 23 തവണ ബിനാമി ഇടപാടിനായി ദിവ്യ വിദേശയാത്ര നടത്തിയെന്നായിരുന്നു ഷാജൻ സ്കറിയ പ്രചരിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആയതിനു ശേഷം ഞാൻ വിദേശയാത്ര ചെയ്തത് രണ്ടു തവണ മാത്രം ആയിരുന്നു എന്ന് ദിവ്യ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഈ രണ്ടു പരിപാടിയും അവരുടെ സംഘടന ക്ഷണിച്ചത് പ്രകാരം സിപിഐഎം സംസ്ഥാന കമ്മിറ്റി നിർദേശ പ്രകാരമാണ് പങ്കെടുത്തത് എന്നും ദിവ്യ വ്യക്തമാക്കി.
"നിയൊക്കെ ഇതും വീഡിയോ ആക്കി വീണ്ടും കാശുണ്ടാക്കും, നാണം കെട്ടവൻ്റെ എവിടേയോ ആൽ മുളച്ചാൽ അതുംഒരു തണൽ എന്നോ മറ്റോ പറയുംപോലെ. പിന്നെ എന്റെ ബിനാമിയും, പെട്രോൾ പമ്പും ഏക്കർ കണക്കിന് ഭൂമിയും, കോടിക്കണക്കിനു സമ്പാദ്യവുമൊക്കെ ചികഞ്ഞു നടക്കുന്നവർ ദയവു ചെയ്തു നിങ്ങൾ തന്നെ ഇടപെട്ടു അതൊക്കെ എന്റ പേരിൽ ആക്കാൻ എന്നെയൊന്നു സഹായിക്കണം...പ്ലീസ് അഭ്യർത്ഥനയാണ്."എന്നും ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
23വിദേശ യാത്രയും.... മറുനാടനുള്ള വക്കീൽ നോട്ടീസും
ചാഞ്ഞ കൊമ്പിൽ ചാടിക്കയറാം എന്നൊരു ചൊല്ലുണ്ട് വടക്ക്
വല്ലാതെ കളിച്ചാൽ എല്ലൂരി ഓടിക്കും എന്നൊരു പുതു ചൊല്ലുമുള്ള നാടാണ് കണ്ണൂര്
പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയ ശേഷം 23 വിദേശ യാത്ര ബിനാമി ഇടപാടിനായി പോയെന്നു കണ്ടുപിടിച്ച മറുനാടൻ ഷാജൻ സക്കറിയക്ക് അഡ്വ. വിശ്വൻ വക്കീൽ മുഖേനെ ഒരു നോട്ടീസ് വിട്ടിട്ടുണ്ട്...
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതിനു ശേഷം ഞാൻ വിദേശയാത്ര ചെയ്തത് രണ്ടു തവണ മാത്രം ആയിരുന്നു..
KMCC ദുബായിയിൽ വെച്ച് നടത്തിയ പരിപാടിയിലും, പ്രവാസി സംരഭക കൂട്ടായ്മ wake നടത്തിയ പരിപാടിയിലും...
ഈ രണ്ടു പരിപാടിയും അവരുടെ സംഘടന ക്ഷണിച്ചത് പ്രകാരം സി പി ഐ എം സംസ്ഥാന കമ്മിറ്റി നിർദ്ദേശ പ്രകാരം ആണ് ഞാൻ പങ്കെടുത്തത്.
രണ്ടു യാത്ര 23 ആകുന്ന മറുനാടൻ മാജിക്ക് എന്താണെന്നുഎത്രയാലോചിച്ചിട്ടും മനസ്സിലായിട്ടില്ല..ഒന്ന് വിളിച്ചു ചോദിച്ചിരുന്നേൽ ഞാൻ എന്റെ പാസ്പോർട്ട് കോപ്പി അയച്ചു തരുമായിരുന്നല്ലോ.. ഈ രാജ്യത്തെ ഭരണഘടന നമ്മുടെ അഭിപ്രായ സ്വന്ത്രത്തിനു തരുന്ന സംരക്ഷണവും, നീതിയുക്തമായ കാര്യങ്ങൾക്കു ജൂഢിഷ്യറിയുടെ പരിരക്ഷയും ഉള്ളത് കൊണ്ട്, ഷാജന്റെ മഞ്ഞ ചാനലിൽ എന്നെ കുറിച്ച് നടത്തിയ അപവാദ പ്രചരണം കൊണ്ട് എനിക്കുണ്ടായ അപമാനത്തിന് നിയമപരമായ നടപടി ആവശ്യപ്പെട്ടു ഒരു നോട്ടീസ് അയച്ചിട്ടുണ്ട്...
നിയൊക്കെ ഇതും വീഡിയോ ആക്കി വീണ്ടും കാശുണ്ടാക്കും, നാണം കെട്ടവൻ്റെ എവിടേയോ ആൽ മുളച്ചാൽ അതുംഒരു തണൽ എന്നോ മറ്റോ പറയുംപോലെ. പിന്നെ എന്റെ ബിനാമിയും, പെട്രോൾ പമ്പും ഏക്കർ കണക്കിന് ഭൂമിയും, കോടിക്കണക്കിനു സമ്പാദ്യവുമൊക്കെ ചികഞ്ഞു നടക്കുന്നവർ ദയവു ചെയ്തു നിങ്ങൾ തന്നെ ഇടപെട്ടു അതൊക്കെ എന്റ പേരിൽ ആക്കാൻ എന്നെയൊന്നു സഹായിക്കണം...
പ്ലീസ് അഭ്യർത്ഥനയാണ്.
കൂടിയ ഉമ്മാക്കിയുമായി വീണ്ടും വരുമെന്നറിയാം.ഇനിയും ഒന്നെ നിന്നെപോലുള്ളവരോടൊക്കെ പറയാനുള്ളു മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളു, കനം ഇല്ലാത്തോണ്ട് തന്നെ നീയൊക്കെ കൊണ്ടുവരുന്ന ഏതു ഉമ്മാക്കിയയും നേരിടാനുള്ള കരുത്തു ഈ പ്രസ്ഥാനത്തിൽ ഇത്രെയുംകാലത്തെ പോരാട്ടം കൊണ്ട് നേടിയിട്ടുണ്ട് അപ്പൊ ശെരി കാണാം കാണണം
നടുക്കടലിൽ നങ്കൂരമിടുന്ന നാവികർക്ക് വേലിയേറ്റത്തെ പറ്റി സ്റ്റഡി ക്ലാസെടുക്കരുത്.
സാറൊന്ന് ഗവേഷിച്ച് നോക്ക് ...(വക്കീൽ നോട്ടീസിന്റെ കോപ്പി കമന്റ് ബോക്സിൽ ഉണ്ട്)