കർണാടക ബുൾഡോസർ രാജ്: "മാധ്യമങ്ങളെത്തിയത് മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷം, ദുർബലരായ മനുഷ്യർ കൈകൂപ്പി നന്ദി പറഞ്ഞു": എ.എ. റഹീം
Source: FB

കർണാടക ബുൾഡോസർ രാജ്: "മാധ്യമങ്ങളെത്തിയത് മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷം, ദുർബലരായ മനുഷ്യർ കൈകൂപ്പി നന്ദി പറഞ്ഞു": എ.എ. റഹീം

കർണാടക ബുൾഡോസർ നടപടിക്കെതിരെ ആദ്യമായി പ്രതികരിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എ.എ. റഹീം എംപി...
Published on

കർണാടക ബുൾഡോസർ നടപടിക്കെതിരെ ആദ്യമായി പ്രതികരിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എ.എ. റഹീം എംപി. അവിടേക്ക് മാധ്യമങ്ങൾ എത്തിയത് മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷമാണ്. ദുർബലരായ മനുഷ്യർ കൈകൂപ്പി മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞുവെന്നും എ.എ. റഹീം പ്രതികരിച്ചു. സംഘപരിവാർ വിവിധ സംസ്ഥാനങ്ങളിൽ മുസ്ലീങ്ങൾക്കും ദളിതർക്കും നേരെ പറഞ്ഞയച്ച അതേ ബുൾഡോസറുകൾ കർണാടകയിലെ കോൺഗ്രസ് സർക്കാർ തങ്ങളുടെ സംസ്ഥാനത്തെ അതേ ജനവിഭാഗങ്ങളുടെ നേരെ പറഞ്ഞു വിട്ടുവെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു. കർണാടക സർക്കാർ ബുൾഡോസർ രാജ് നടപ്പിലാക്കിയ ബെംഗളൂരു കൊഗിലു വില്ലേജിലെ വസീം ലേഔട്ടിലും ഫക്കീർ കോളനിയിലും സന്ദർശിച്ചതിന് പിന്നാലെയായിരുന്നു എ.എ റഹീമിൻ്റെ പ്രതികരണം.

കർണാടക ബുൾഡോസർ രാജ്: "മാധ്യമങ്ങളെത്തിയത് മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷം, ദുർബലരായ മനുഷ്യർ കൈകൂപ്പി നന്ദി പറഞ്ഞു": എ.എ. റഹീം
ചിറ്റൂരിൽ ആറ് വയസുകാരനെ കാണാനില്ല; കുട്ടികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഇറങ്ങി പോയതെന്ന് സംശയം

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

പ്രിയപ്പെട്ട സുഹൃത്തേ,

ഇത് വായിക്കുന്നതിന് മുൻപ് പാഞ്ഞു വരുന്ന ഒരു കൂട്ടം ബുൾഡോസറുകൾ നിങ്ങളുടെ വീടും ജീവനോപാധികളും ഇടിച്ചു നിരത്തുന്നത് സങ്കൽപ്പിക്കണം.നമ്മളെ പോലെതന്നെ അവകാശങ്ങൾ ഉണ്ടാകേണ്ട കുറെ മനുഷ്യരുടെ ജീവിതത്തെ കുറിച്ചാണ് കുറിക്കാൻ പോകുന്നത്.

മഞ്ഞു പെയ്യുന്ന ഇക്കഴിഞ്ഞ ഒരു വെളുപ്പാൻ കാലത്ത് ബുൾഡോസറുകൾ ഇരച്ചെത്തി ഇടിച്ചു നിരത്തിയത് ആ സാധുക്കളായ മനുഷ്യരുടെ വീടുകളാണ്,സ്വപ്നങ്ങളാണ്...

ഉറക്കത്തിലായിരുന്നു എല്ലാവരും. മൂന്ന് മണിക്കൂറുകൾ കൊണ്ട് എല്ലാം തകർത്ത് “വേട്ടനായ്ക്കൾ”മടങ്ങി...

തെരുവിൽ ഭിക്ഷ എടുത്തും, ഖവാലി പാടിയും അവർ വർഷങ്ങൾ പണിപ്പെട്ട് പണിത വീടുകളാണ് മൂന്ന് മണിക്കൂർ കൊണ്ട് ഭ്രാന്ത്‌ പിടിച്ച ഭരണകൂടം ഇടിച്ചു നിരത്തിയത്.

180 മുതൽ 200 വീടുകൾ ഇടിച്ചു നിരത്തി എന്നാണ് സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ നൽകുന്ന സ്ഥിരീകരിക്കാവുന്ന കണക്കുകൾ. ആകെ ആയിരത്തോളം പേർ ആകെ ഇരകൾ,എല്ലാവരും മുസ്ലിങ്ങളും ദളിതരും.

സംഘപരിവാർ വിവിധ സംസ്ഥാനങ്ങളിൽ മുസ്ലിങ്ങൾക്കും,ദളിതർക്കും നേരെ “പറഞ്ഞയച്ച അതേ ബുൾഡോസറുകൾ” കർണാടകയിലെ കോൺഗ്രസ്സ് സർക്കാർ തങ്ങളുടെ സംസ്ഥാനത്തെ അതേ ജനവിഭാഗങ്ങളുടെ നേരെ പറഞ്ഞു വിട്ടു.

ഡിസംബർ 20 ന് പുലർച്ചെയാണ് ബുൾഡോസർ രാജ് നടപ്പിലാക്കിയത്. ‘അനധികൃത കുടിയേറ്റം ഒഴിപ്പിച്ചു’ എന്നാണ് ഔദ്യോഗിക വിശദീകരണം. അത് ശുദ്ധ അസംബന്ധമാണ്. എല്ലാവർക്കും ഈ ഭൂമിയിൽ അവകാശ രേഖയുണ്ട് എന്ന് ഇവർക്കിടയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകൾ സ്ഥിരീകരിക്കുന്നു. ഞങ്ങൾ കണ്ട എല്ലാ ഇരകൾക്കും വോട്ടർ ഐ ഡി,ആധാർ കാർഡ്,റേഷൻ കാർഡ് തുടങ്ങി എല്ലാ ഔദ്യോഗിക രേഖകളും സ്വന്തമായി ഉള്ളവരാണ്. അതായത് അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു എന്ന കോൺഗ്രസ്സ് വാദം പച്ചക്കള്ളം ആണ്.

നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഭൂമി ഏറ്റെടുക്കാൻ എന്തിനാണ് ബുൾഡോസറുകൾ അയച്ചത്. ഒരു പുലർച്ചയിൽ സ്ത്രീകളും, (അതിൽ ഗർഭിണികൾ ഉൾപ്പെടെയുണ്ട്), കുഞ്ഞുങ്ങളും,കിടപ്പ് രോഗികളും, വൃദ്ധരും ഉൾപ്പെടെയുള്ള ആയിരത്തോളം ഇന്ത്യക്കാരെ എന്തിനാണ് മനുഷ്യത്വ വിരുദ്ധമായി നിങ്ങൾ കുടിയിറക്കിയത്?

തീരുന്നില്ല, ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വീണ്ടും ഇതേ വേട്ടക്കാർ ഇതേ ഇരകളെ തേടിയെത്തി. ബുൾഡോസർ പടയെ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും ദളിത് സംഘടനകളും ചേർന്നു ചെറുത്ത് തിരിച്ചയച്ചു..

കോൺഗ്രസ്സ് നേതാവും റവന്യു മന്ത്രിയുമായ കൃഷ്ണ ഭൈരെ ഗൗഢയുടെ സ്വന്തം മണ്ഡലത്തിലാണ് ക്രൂരമായ ഈ ബുൾഡോസർ രാജ് നടന്നത്. എന്നിട്ട് ഈ നിമിഷം വരെ അദ്ദേഹം അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോഴും കൂരകൾ നഷ്ടമായ ആ പാവങ്ങൾ കടുത്ത മഞ്ഞിൽ,ആ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്ക് നടുവിൽ തുടരുകയാണ്!!

ഈ ദുർബലരായ മനുഷ്യർ, ഞങ്ങളുടെ നേരെ കൈകൂപ്പി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നന്ദി പറയുന്നുണ്ടായിരുന്നു. ഞങ്ങൾക്കായി ആദ്യമായി സംസാരിച്ചതിന്, അത് പറയുമ്പോൾ അവരുടെ കണ്ണുകളിൽ പ്രതീക്ഷയുടെ കണിക...

ആദ്യമായി ഇവിടേക്ക് മാധ്യമങ്ങൾ എത്താൻ തുടങ്ങിയത്, ശ്രീ പിണറായി വിജയൻ ഇത് സംബന്ധിച്ച് പ്രതികരിച്ചതിനു ശേഷമാണ്. ഇന്നിപ്പോൾ ആദ്യമായി ശ്രീ.ഡി കെ ശിവകുമാറിന് പ്രതികരണം നടത്തേണ്ടി വന്നിരിക്കുന്നു...

രാജ്യത്തു എല്ലായിടത്തും സംഘപരിവാർ മുസ്ലിങ്ങൾക്കും ദളിതർക്കും നേരെ നടത്തിയ ബുൾഡോസർരാജുകൾക്ക് അവർ നൽകിയ ന്യായീകരണം അനധികൃത കുടിയേറ്റങ്ങൾ ഒഴിപ്പിച്ച സ്വാഭാവിക നടപടിയെന്നാണ്. അതേ ന്യായീകരണം തന്നെയാണ് കോൺഗ്രസ്സും ആവർത്തിക്കുന്നത്!

ബാംഗ്ലൂർ നഗരത്തിലെ അനധികൃത നിർമ്മാണങ്ങളുടെ വിവരം സർക്കാരിന്റെ കയ്യിലുണ്ടാകില്ലേ, അതിലെ സമ്പന്നരുടെയും മറ്റ് പ്രിവിലേജ് വിഭാഗങ്ങളുടെയും നേർക്ക് ഇതേ ബുൾഡോസറുകൾ പറഞ്ഞയക്കാൻ കോൺഗ്രസ്സ് സർക്കാർ തയ്യാറാകുമോ?

ശബ്ദമില്ലാത്ത മനുഷ്യരുടെ ചെറിയ ചെറിയ സ്വപ്നക്കൂടുകളിലേക്ക് മാത്രമേ ഈ ബുൾഡോസറുകൾ പാഞ്ഞടുക്കൂ... കാരണം കരയുവാൻ പോലും ആ ശബ്ദങ്ങൾ ഉയരില്ലെന്നു ‘ബുൾഡോസർ ദാദമാർക്ക്’ അറിയാം...

പ്രിയപ്പെട്ടവരേ, അപ്പോൾ അവരുടെ ശബ്ദമായി നമ്മൾ മാറുക. ..

ഡി വൈ എഫ് ഐ കർണാടക സംസ്ഥാന സെക്രട്ടറി ബസവരാജ് പൂജ്ജാർ,ഡി വൈ എഫ് ഐ നേതാവ് എ ആർ നരേഷ് ബാബു തുടങ്ങിയവരും മറ്റു ഡി വൈ എഫ് ഐ സഖാക്കളും ഞങ്ങളുടെ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.

News Malayalam 24x7
newsmalayalam.com