

കാസർഗോഡ്: മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് ജീവനൊടുക്കിയ ജസീലയുടെ ആൺസുഹൃത്തിൻ്റെ മാതാവ് ആയിഷ (48) റിമാൻഡിൽ. ആയിഷയെ കാഞ്ഞങ്ങാട് വനിതാ ജയിലിലേക്ക് മാറ്റും. ആയിഷയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. വിദ്യാനഗർ പൊലീസാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ആയിഷയെ അറസ്റ്റ് ചെയ്തത്.
അതേസമയം, ആൺസുഹൃത്ത് അഫ്രീദിയെ ഇതുവരെ ചോദ്യം ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. നഷ്ടപ്പെട്ട സ്വർണത്തെ സംബന്ധിച്ചും വ്യക്തതയില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും കുടുംബം ആരോപിച്ചു. എന്നാൽ, ആദ്യഘട്ടമെന്ന നിലയിലാണ് ആയിഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് കഴിഞ്ഞ മാസം 15നാണ് 24കാരി ആലംപാടി നാൽക്കടുക്കയിൽ നബീസത്ത് ജസീല ജീവനൊടുക്കിയത്. നിരപരാധിയാണെന്ന് കരഞ്ഞ് പറയുന്ന വീഡിയോ ചിത്രീകരിച്ച ശേഷമാണ് ജസീല ജീവനൊടുക്കിയത്. ചെയ്യാത്ത തെറ്റിന്റെ പേരിലാണ് താൻ അപമാനം നേരിടേണ്ടി വന്നതെന്നാണ് വീഡിയോ സന്ദേശത്തിൽ ജസീല പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ജസീല ജീവനൊടുക്കുകയായിരുന്നു.
താൻ നിരപരാധിയാണെന്നും തന്നെ എല്ലാവരും അപമാനിച്ചു എന്നുമാണ് ജീവനൊടുക്കുന്നതിന് മുൻപ് ജസീല ചിത്രീകരിച്ച വീഡിയോയിൽ പറയുന്നത്. "എൻ്റെ മക്കൾ എങ്ങനെ തല ഉയർത്തി നടക്കും മോഷണക്കുറ്റവും അപവാദവും. എനിക്ക് നാണക്കേട് കാരണം ജീവിക്കാൻ പറ്റുന്നില്ല. നാട്ടുകാരായ നിങ്ങളെങ്കിലും സത്യം തിരിച്ചറിയണം. നിങ്ങൾ ഇത് കാണുമ്പോൾ ഞാൻ ജീവനോടെ ഉണ്ടാകില്ല", ഇങ്ങനെയായിരുന്നു ജസീലയുടെ വാക്കുകൾ.
ഭർത്താവിൻ്റെ വീടിൻ്റെ അടുത്തുള്ള അയൽവാസിയായ യുവാവും കുടുംബവും ചേർന്ന് ജസീലയ്ക്കെതിരെ ഉന്നയിച്ച മോഷണാരോപണവും തുടർന്നുണ്ടായ പരസ്യമായ സ്വഭാവഹത്യയുമാണ് ദുരന്തത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പൊലീസ് സ്റ്റേഷനിൽ വെച്ച് വനിതാ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ യുവതിയെ ചോദ്യം ചെയ്തത് മാനസികമായി പീഡനമായതായും പരാതിയുണ്ട്. രണ്ട് കുട്ടികളുടെ മാതാവായ ജസീലയെ ഇല്ലാത്ത കുറ്റത്തിൻ്റെ പേരിൽ സമൂഹമധ്യത്തിൽ അപമാനിക്കാൻ ബോധപൂർവമായ ശ്രമം നടത്തിയെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)